തൃശ്ശിലേരി : തൃശ്ശിലേരി മുത്തുമാരിയിൽ കുങ്കി ആനകൾ കാവൽ നിന്നിട്ടും കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു.
മുത്തുമാരി വെള്ളിക്കുന്നേൽ സണ്ണിയുടെ കൃഷിയാണ് നശിപ്പിച്ചത്. ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ വനംവകുപ്പിന്റെ പട്രോളിംഗ് സംഘവും രണ്ട് കുങ്കിയാനകളുമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടയിലാണ് സ്ഥിരം ശല്യക്കാരായ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങിയത്. മുത്തങ്ങ ആനപ്പന്തിയിലെ ഉണ്ണികൃഷ്ണൻ, ഭരത് എന്നീ കുങ്കിയാനകളാണ് കാട്ടാനകളെ തുരത്താനായി മുത്തുമാരിയിൽ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഉണ്ണികൃഷ്ണനെയും വൈകിട്ട് ഭരത്തിനെയും സ്ഥലത്ത് എത്തിച്ചു. വ്യാഴാഴ്ച കാട്ടാനക്കൂട്ടത്തെ തുരത്താൻ കാര്യമായി കഴിഞ്ഞിരുന്നില്ല. എന്നാൽ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഈ ആനകളെ ഉപയോഗിച്ച് കാവൽ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു വഴിയിലൂടെ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ എത്തിയത്. ഇന്നലെ ഇരു ആനകളെയും ഉപയോഗിച്ച് പ്രത്യേക ദൗത്യസംഘം കാട്ടാനകളെ തുരത്താൻ തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. പകൽസമയം കാട്ടാനക്കൂട്ടം വനമേഖലയിൽ തന്നെ തമ്പടിക്കുകയാണ്.നേരം ഇരുട്ടുന്നതോടെയാണ് ജനവാസമേഖലയിലേക്ക് എത്തുന്നത്. വനാതിർത്തി പ്രദേശമാണിത്. കുങ്കിആനകളെ ഉപയോഗിച്ചുള്ള ദൗത്യം വിജയകരമല്ലെങ്കിൽ മറ്റു നടപടികളിലേക്ക് വനം വകുപ്പ് നീങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രണ്ടുമാസത്തോളമായി ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാന കൂട്ടമാണ് നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നത്. പലരും ആനക്കൂട്ടത്തിന് മുൻപിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെടുന്നത്.