mud
നീലഗിരി കോളേജിൽ നടത്തിയ 'മഡ് ഫുട്‌ബോൾ' മത്സരത്തിൽ നിന്ന്

എരുമാട്: നീലഗിരി കോളേജിൽ നടത്തിയ 'മഡ് ഫുട്‌ബോൾ' മത്സരത്തിൽ സൈക്കോളജി ഡിപ്പാർട്‌മെന്റിനെ പരാജയപ്പെടുത്തി ബി.കോം ഫിനാൻസ് ഡിപ്പാർട്‌മെന്റ് വിജയികളായി. ശക്തമായ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും തുല്യ ഗോളുകൾ നേടിയതിന് പിന്നാലെ നടത്തിയ കിക്കോഫിലും തുല്യത നേടുകയുണ്ടായി. തുടർന്ന് ടോസിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. പെൺകുട്ടികൾക്ക് വേണ്ടി നടത്തിയ 'ഹാൻഡ് ത്രോ ബോൾ' മത്സരത്തിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ കിരീടം ചൂടി. ബി.സി.എ ഡിപ്പാർട്‌മെന്റാണ് റണ്ണേഴ്സ്.

തുടർച്ചയായി പത്താം വർഷമാണ് നീലഗിരി കോളേജിൽ മഡ് ഫുട്‌ബോൾ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ കായികാഭിരുചി വർദ്ധിപ്പിക്കാനും, മണ്ണിനെയും പ്രകൃതിയെയും കർഷകരെയും കൂടുതൽ അറിയുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു കായികവിനോദത്തിന് നീലഗിരി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്‌മെന്റ് നേതൃത്വം നൽകിയത്. മഴക്കാലത്ത് നെൽകൃഷി നടത്തുന്നതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ വയലിലാണ് മഡ് ഫുട്‌ബോൾ നടത്തിയത്.

വയനാട് അതിർത്തി ഗ്രാമമായ എരുമാട്, താളൂർ പ്രദേശങ്ങളിൽ എല്ലാ വർഷവും ഇത്തരത്തിലുള്ള കായികവിനോദങ്ങൾ നടക്കാറുണ്ട്. കോളേജിൽ സജ്ജമാക്കിയ വയലിൽ നെൽകൃഷി നടത്താനും വിദ്യാർത്ഥികൾ മുന്നോട്ടു വരുന്നത് ശ്രദ്ധേയമാണ്.