സുൽത്താൻ ബത്തേരി: ബത്തേരി - കട്ടയാട്-പഴുപ്പത്തൂർ-പാപ്ലശ്ശേരി റോഡിന്റെ ഒന്നാംഘട്ട നിർമ്മാണം കഴിഞ്ഞപ്പോഴേക്കും സൈഡ് ഭിത്തി ഇടിഞ്ഞു. ചപ്പകൊല്ലി ഭാഗത്താണ് കോൺക്രീറ്റ് ചെയ്ത സൈഡ് മതിലും ബെൽറ്റും തകർന്നത്. റോഡിന്റെ അരികുവശം ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനഗാതാഗതത്തിനും ഭീഷണിയായി. റോഡ് വീതികൂട്ടി ടാറിംഗ് പ്രവൃത്തിയടക്കമുള്ളവയ്ക്കായി എം.പി ഫണ്ടിൽ നിന്ന് 18 കോടി രൂപയാണ് അനുവദിച്ചത്. 15 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ ആദ്യഘട്ട പ്രവർത്തി പൂർത്തീകരിച്ചത് ഒരു മാസം മുമ്പാണ് . റോഡിന്റെ പലഭാഗത്തും സൈഡ് മതിലുകളും ബെൽറ്റും നിർമ്മിച്ചുവേണം റോഡ് നിർമ്മാണ പ്രവർത്തനം നടത്താൻ . എന്നാൽ പല ഭാഗത്തും ഇത് ചെയ്തിട്ടുണ്ടെങ്കിലും ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കാത്തതിനാൽ വയൽ ഭാഗത്തുള്ള മതിൽ വാഹനം പോകാൻ തുടങ്ങിയതോടെ തള്ളിപ്പോവുകയാണുണ്ടായത്. സൈഡ് മതിൽ ഇടിഞ്ഞത് റോഡിന്റെ ബലക്ഷയത്തിന് കാരണമായി മാറി. മാത്രമല്ല ഇവിടെ റോഡ് പൊട്ടുകയും ചെയ്തു.
മഴക്കാലം തുടങ്ങുന്നതിന് മുമ്പാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. മഴപെയ്തതോടെ പലയിടത്തും ടാർ അടക്കം ഒലിച്ചുപോവുകയും റോഡിന്റെ അരിക് ഇടിയുകയും ചെയ്തു. റോഡ് നിർമ്മാണത്തിലെ ക്രമക്കേടാണ് മതിലും ബെൽറ്റുകളും തകരാൻ ഇടയാക്കിയതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.