puzha
കന്നാരം പുഴയുടെ തീരത്ത് അപകടത്തിലായ ജയന്തിരാജന്റെ വീട്

പുൽപ്പള്ളി: കന്നാരം പുഴയിൽ കുത്തൊഴുക്ക് ശക്തമായതോടെ നിർദ്ധന കുടുംബത്തിന്റെ വീട് അപകടാവസ്ഥയിൽ. പുൽപ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം രാജേഷ് വിലാസം ജയന്തിരാജന്റെ വീടാണ് മണ്ണിടിച്ചിൽ ഭീഷണിനേരിടുന്നത്. 4 സെന്റ് ഭൂമിയാണ് ഈ കുടുംബത്തിന് ആകെയുള്ളത്. 20 വർഷം മുമ്പ് സർക്കാർ അനുവദിച്ച 4 സെന്റ് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ചു വരുകയായിരുന്നു കുടുംബം. കഴിഞ്ഞ വർഷം ലൈഫിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചു. 2 മാസം മുമ്പാണ് വീടിന്റെ പണി പൂർത്തിയായത്. മഴ ശക്തമായതോടെ കന്നാരം പുഴയിൽ നിന്നുള്ള വെള്ളം ഇവരുടെ ഭൂമിയോട്‌ചേർന്ന് ഒഴുകുകയാണ്. ചെറിയൊരു കാലയളവിൽ തന്നെ നല്ലൊരു ഭാഗം മണ്ണും ഇടിഞ്ഞുവീണു. ഇതേ അവസ്ഥ തുടർന്നാൽ വീടും തകർച്ചയെ നേരിടുമെന്ന അവസ്ഥയിലാണ്. നിലവിൽ വീടിനോട്‌ചേർന്ന് 2 മീറ്റർ മാത്രം വ്യത്യാസത്തിലാണ് പുഴ ഒഴുകുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിനാൽ മുറ്റത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു. ഈ ഭാഗത്ത് വയിലൊരു പുളിമരം ഉണ്ടായിരുന്നു. തൂക്ക് ഫെൻസിംഗ് നിർമ്മിക്കുന്നതിനായി മരം വെട്ടിയതോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് വീടിനെ ബാധിച്ച് തുടങ്ങിയത്. വീടിനും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഭീഷണിയായ ഭാഗത്ത് കരിങ്കൽകെട്ടി സംരക്ഷിച്ചില്ലെങ്കിൽ വീട് നിലം പതിക്കും. അടിയന്തരമായി തങ്ങളെ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജയന്തിയും ഭർത്താവ് രാജനും ഇവരുടെ മകനും മരുമകളും കുട്ടിയുമാണ് താമസിക്കുന്നത്.