കൽപ്പറ്റ: തോക്കുമായി സഞ്ചാരം.ഇടയ്ക്കിടെ സ്വന്തം കൈപ്പടയിൽ വാർത്താക്കുറിപ്പ്. പൊലീസ് എത്തും മുമ്പേ തന്നെ സ്ഥലം വിടും. പത്തുവർഷത്തോളം പൊലീസിനെ വട്ടം കറക്കിയ മാവോയിസ്റ്റ്‌നേതാവ് സോമൻ ഒടുവിൽ പിടിയിലായി. കൽപ്പറ്റ ചുഴലി സ്വദേശിയും കമ്പനി ,നാടുകാണി ദളം കമാൻഡറായി പ്രവർത്തിച്ച മാവോയിസ്റ്റ് നേതാവുമായ സോമൻ ഷൊർണൂരിൽ നിന്നുമാണ് ഭീകരവിരുദ്ധസേനയുടെ പിടിയിലാകുന്നത്. കൽപ്പറ്റയിൽ ഞായറാഴ്ച പത്രം എന്ന പേരിൽ ആഴ്ചയിൽ ഒരു ദിവസം മാത്രം ഇറങ്ങുന്ന പത്രം ഇറക്കി വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന സോമൻ ഒരു പതിറ്റാണ്ട് മുമ്പാണ് മാവോയിസ്റ്റ് ആശയ പ്രചാരകനായി മാറുന്നത്.
1996 കാലഘട്ടം വരെ സോമൻ കൽപ്പറ്റയിൽ സജീവമായിരുന്നു. കൽപ്പറ്റ പഴയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് ആയിരുന്നു പത്രവിൽപ്പന. റിപ്പോർട്ടറും എഡിറ്ററും വിതരണക്കാരനും എല്ലാംസോമൻ തന്നെയായിരുന്നു. പിന്നീട് കണ്ണൂർ ജില്ലയിൽ ഒരുപോലീസ് കേസിൽ ഉൾപ്പെടുകയും ജയിലിലാവുകയും ചെയ്തു. അതിനുശേഷം പിന്നീട് വയനാടുമായി കാര്യമായി ബന്ധം പുലർത്തിയിരുന്നില്ല. പത്തുവർഷം മുമ്പാണ് സോമൻ മാവോയിസ്റ്റ് സംഘത്തിൽ ഉൾപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുന്നത്.
15 വർഷത്തിലധികമായി സോമൻ ബന്ധം പുലർത്തിയിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. സോമനെ പിടികൂടാനായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. പിന്നീട് കബനീദളം കേന്ദ്രീകരിച്ച് പ്രവർത്തിച്ച സോമൻ പലതവണ വയനാട് വനമേഖലയിൽ സാന്നിദ്ധ്യമറിയിച്ചു. അട്ടമല റിസോർട്ട് ആക്രമണം, പശ്ചിമ ബംഗാൾ സ്വദേശികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി യു.എ.പി.എ കേസുകളിലാണ് സോമൻ പ്രതിയായത്. ദേശവിരുദ്ധ പോസ്റ്റർ പതിച്ച സംഭവത്തിൽ വയനാട് ,കണ്ണൂർ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. വിവിധ അപര നാമങ്ങളിൽ മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ വാർത്താക്കുറിപ്പ് തയ്യാറാക്കിയിരുന്നത് സോമനാണെന്ന് കണ്ടെത്തിയിരുന്നു.
ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങൾ വരെ പരാമർശിച്ചുകൊണ്ട് മാവോയിസ്റ്റ് കത്തുകൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. വയനാട്, കണ്ണൂർ ,മലപ്പുറം വനാതിർത്തികൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കബനി ദളം സജീവമായിരുന്ന കാലത്ത് സംഘത്തിലെ പ്രധാന മലയാളി സാന്നിദ്ധ്യമായിരുന്നു സോമൻ. ആദിവാസികോളനികളിൽ ഉൾപ്പെടെ എത്തിയിരുന്ന സംഘത്തിൽ മലയാളം സംസാരിച്ചിരുന്ന വ്യക്തി സോമനായിരുന്നു.
നാടുകാണി ദളത്തിലേക്ക് മാറിയശേഷമാണ് മനോജ് ,സി.പി മൊയ്തീൻ ഉൾപ്പെടെയുള്ള കൂടുതൽ മലയാളികൾ ഗ്രൂപ്പായി പ്രവർത്തനം തുടങ്ങിയത്. കമ്പമല കേരളഫോറസ്റ്റ് ഡെവലപ്‌മെന്റ്‌കോർപ്പറേഷൻ ഓഫീസ് ആക്രമണം ഉൾപ്പെടെയുള്ള നിരവധി ആക്രമണ സംഭവങ്ങളുടെ ആസൂത്രകൻ ഇദ്ദേഹമാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പേര്യ ചപ്പാരത്തു നിന്നും നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവർ തണ്ടർബോൾട്ടിന്റെ പിടിയിലായിരുന്നു.സംഭവ സ്ഥലത്ത് നിന്നും കർണാടക സ്വദേശികളായ ലത സുന്ദരി എന്നിവർ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നതായി കോളനിവാസികൾ പറഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മക്കിമലയിൽ എത്തിയ നാലംഗ മാവോയിസ്റ്റ് സംഘത്തിൽ സോമനും ഉണ്ടായിരുന്നു. സോമന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ പൊലീസിന് അങ്ങനെയാണ് ലഭിക്കുന്നത്. കൂടാതെ കമ്പമല,മക്കിമല പ്രദേശങ്ങളിൽ മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി പൊലീസ് സ്ഥാപിച്ച സിസി ടിവി യിലും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്ന് മനസിലാക്കിയ സംഘം മുങ്ങുകയായിരുന്നു. മനോജ് പിടിയിലായതോടെ ചോദ്യം ചെയ്യലിൽ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏറെക്കുറെ പൊലീസ് മനസിലാക്കിയിരുന്നു. ഇതിനിടയിലാണ് സോമൻ പിടിയിലാകുന്നത്.