മേപ്പാടി: 2019 ആഗസ്റ്റ് എട്ട് വൈകിട്ട് നാലു മണി സമയം, അന്നായിരുന്നു വയനാടിനെ പിടിച്ചുകുലുക്കിയ പുത്തുമല ദുരന്തം. നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട മഹാദുരന്തത്തിന്റെ മുറിവോർമ്മകൾക്ക് അഞ്ച് വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മൂന്ന് കിലോമീറ്റർ അകലെ ദുരന്തഭൂമിയായി ചൂരൽമലയും മുണ്ടക്കൈയും മാറിയത്. വെള്ളരിമല വില്ലേജിൽ സുരക്ഷിത മേഖലയായി കരുതപ്പെടുന്ന പ്രദേശമാണിത്. ചൂരൽമല സ്‌കൂൾ റോഡിന് ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങളാണ് ദുരന്തത്തിൽപെട്ടവർ ഏറെയും. മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതിനെ തുടർന്ന് 2020ൽ ഉരുൾപൊട്ടിയ പ്രദേശത്തുനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, ആ പ്രദേശത്ത് കാര്യമായ നാശനഷ്ടം ഉണ്ടായില്ല.സുരക്ഷിതമെന്ന് കരുതിയിരുന്ന സ്‌കൂൾ റോഡ് ഭാഗത്ത് താമസിച്ചിരുന്നവർ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറിയിരുന്നില്ല. അപകട മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുമായിരുന്നു.