കൽപ്പറ്റ: കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു പ്രദേശമാകെ ജനസമൂഹത്തോടൊപ്പം ഒഴുകിപ്പോയി. നാടാകെ കണ്ണീരിൽ മുങ്ങി. തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ സ്ത്രീകകളും കുട്ടികളും അടക്കം 123 പേർക്ക് ദാരുണാന്ത്യം. കുടുംബത്തോടെ മരണത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഏറെപ്പേരും.

വീടുതകർന്നും മണ്ണിടിഞ്ഞും നിരവധിപേർ ആഴങ്ങളിൽ കുടുങ്ങി. ഇരുന്നൂറോളംപേരെ രക്ഷപ്പെടുത്തി. 120പേർക്ക് പരിക്കേറ്റു. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 128 പേർ ആശുപത്രികളിലാണ്.

എത്രപേർ പുഴയിൽ ഒലിച്ചുപോയെന്ന് തിട്ടമില്ല. നൂറിലേറെപ്പേരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് സൂചന. ചാലിയാറിലൂടെ ഒഴുകിവന്ന 32 മൃതദേഹങ്ങൾ മലപ്പുറം നിലമ്പൂർ ഭാഗത്ത് കണ്ടെടുത്തു. ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് ഇവ. ശിരസില്ലാത്ത മൃതദേഹങ്ങളും ഒഴുകിയെത്തി.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി 12.30 മുതൽ ഉണ്ടായ മൂന്ന് ഉരുൾപൊട്ടിലിൽ ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോകുകയായിരുന്നു. പാലം തകർന്നു.മുണ്ടക്കൈ പുഴ വഴിമാറി ഒഴുകി. പാറക്കെട്ടുകൾ, മരങ്ങൾ, വീടുകൾ,​വാഹനങ്ങൾ എന്നിവയെല്ലാം കുത്തൊഴുക്കിൽപ്പെട്ടു. ചൂരൽ മലയിൽആയിരുന്നു ആദ്യ ഉരുൾപൊട്ടൽ. പുലർച്ചെ നാലു മണിയോടെ മുണ്ടക്കൈയിലും ഉരുൾപൊട്ടിയെത്തി.

മലവെളളത്തോടൊപ്പം കൂടെയുണ്ടായിരുന്നവർ ഒഴുകുന്നത് കണ്ട് കൂട്ടനിലവിളി ഉയർന്നു. അവർ പുറംലോകത്തെ അറിയിച്ചെങ്കിലും രക്ഷാ പ്രവർത്തകർക്ക് ഉടൻ എത്താനായില്ല. രക്ഷപ്പെട്ട നൂറിലേറെപ്പേർ കുന്നിൻ മുകളിലെ റിസോർട്ടിൽ അഭയം പ്രാപിച്ചു. പാലം തകർന്നതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം അസാദ്ധ്യമായി.ഇന്നലെ വൈകുന്നേരത്തോടെ സൈന്യം താത്കാലിക പാലം സ്ഥാപിച്ചതോടെയാണ് ഇവരെ പുറത്തെത്തിക്കാൻ തുടങ്ങിയത്.

1200 ഓളം കുടുംബങ്ങൾ

വെള്ളരിമല വില്ലേജ് പരിധിയിലെ ചൂരൽമല ,അട്ടമല , മുണ്ടക്കൈ പ്രദേശങ്ങളിൽ 1200 ഓളം കുടുംബങ്ങളുണ്ട്. തേയിലതോട്ടങ്ങളുടെ പാടികളിൽ (ലായം) താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളും പുഴയോരത്തെ ജനങ്ങളുമാണ് ഇരയായത്. ചെറിയൊരു തോട് വൻപുഴപോലെ ഒഴുകുകയായിരുന്നു.അങ്ങാടിയും സ്കൂളും അടക്കം ഇല്ലാതായി.

ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തം. ശക്തമായ മഴയ്ക്കിടെ സ്ഫോടനം കേട്ട് വീടുകളിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെയാണ് പലരെയും മരണം വിഴുങ്ങിയത്. സ്വന്തം വീടിനു മുന്നിൽ നിന്നുപോലും മൃതദേഹങ്ങൾ ലഭിച്ചു. അവയിൽ കൂടുതലും സ്ത്രീകളുടേതായിരുന്നു.

സേനയുടെ നേതൃത്വത്തിൽ

രക്ഷാ പ്രവർത്തനം

 ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ചുകടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തി പരിക്കേറ്റ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരികയാണ്. ഇതിനായി താല്ക്കാലിക പാലം നിർമ്മിച്ചു. ഹെലികോപ്ടറും ഉപയോഗിച്ചു.

 കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർ,സേനയുടെ മദ്രാസ് എൻജിനീയറിംഗ് വിഭാഗം എന്നിവയ്ക്കു പുറമേ, നേവിയും എൻ.ഡി.ആർ.എഫും രക്ഷാദൗത്യത്തിലുണ്ട്. ഫയർഫോഴ്സും പൊലീസും രാവിലെ മുതൽ രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു.

സന്നദ്ധ പ്രവർത്തകർ സ്വന്തം നിലയിൽ നിരവധി മൃതദേഹങ്ങൾ അതിസാഹസികമായി പുറത്തെടുത്തു. പലിടത്തായി അമ്പതിലേറെ മൃതദേഹങ്ങളുണ്ട്. വൈകിട്ടോടെ കോട(മഞ്ഞ്) നിറഞ്ഞതോടെ രക്ഷാ പ്രവർത്തനം ദുഷ്കരമായി.

 പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അനുവദിച്ചു

 തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ അടിയന്തര സഹായം അനുവദിച്ചു. ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തെ ദുരന്തഭൂമിയിലയയ്ക്കും

 കർണാടക,​ ഗോവ സർക്കാരുകളും സഹായം വാഗ്ദാനം ചെയ്തു

`രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ അഞ്ചു മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. സാദ്ധ്യമായ എല്ലാ ശക്തിയും മാർഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ സംഭാവന നൽകണം.'

-മുഖ്യമന്ത്രി പിണറായി വിജയൻ.