landslide

മേപ്പാടി: ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്നത് 5 ഉരുൾപൊട്ടൽ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. തിങ്കളാഴ്ച അർദ്ധരാത്രിക്കുശേഷവും ഇന്നലെ പുലർച്ചെയും ഉച്ചയ്ക്കുശേഷവുമായാണ് സംഭവം. തിങ്കളാഴ്ച രാത്രി 12.30,1.25,2.30, ഇന്നലെ രാവിലെ 7.46, ഉച്ചയ്ക്ക് 2. 30 സമയങ്ങളിലാണ് ഉരുൾപൊട്ടിയത്. എൺപതോളം വീടുകളും പത്തിലേറെ വ്യാപാര സ്ഥാപനങ്ങളും തകർന്നടിഞ്ഞു. ചൂരൽമലയിലെ പാലം ഒലിച്ചുപോയി. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന പാലമായിരുന്നു. ചെറുതും വലുതുമായ 100 ഓളം വാഹനങ്ങൾ മണ്ണിനടിയിലായി.
രാത്രി പന്ത്രണ്ടരയോടെ മുണ്ടക്കൈയിൽ ക്ഷേത്രത്തിനു സമീപത്തെ കുന്നിൻ മുകളിലാണ് ആദ്യം ഉരുൾപൊട്ടിയത്. വലിയ സ്‌ഫോടനശബ്ദം കിലോമീറ്റർ അകലേക്ക്‌ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. വൈകാതെ ചൂരൽമല പുഴയിലൂടെ വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ചെളിയും ഒഴുകിയെത്തി. സ്‌കൂൾ റോഡിലെ ആറ് വീടുകൾ തകർന്നു. വെള്ളാർമല ജി.വി.എച്ച്.എസ്. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളാണ് ഉരുൾപൊട്ടലിന്റെ വിവരങ്ങൾ ആദ്യം അധികൃതരെ അറിയിച്ചത്. ഉടൻതന്നെ പൊലീസും ഫയർഫോഴ്സും എത്തി ചൂരൽമലയിൽ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പാലം തകർന്നതിനാൽ മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായില്ല.

കുടുങ്ങിക്കിടന്ന ആളുകളെ രക്ഷിക്കുന്നതിനിടെ രാത്രി 1 .30 ഓടെ രണ്ടാമതും ഉരുൾപൊട്ടി. അത് ആദ്യത്തെതിനേക്കാൾ വലുതായിരുന്നു. അവശേഷിച്ച വീടുകൾ ഉൾപ്പെടെ തകർത്തുകൊണ്ടായിരുന്നു മലവെള്ളം ഒഴുകിയെത്തിയത്. 12 വീടുകളാണ് രണ്ടാംഘട്ടത്തിൽ തകർന്നത്. ഈ ഭാഗത്തുനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തെരച്ചിൽ ആരംഭിച്ച് ഒരു മണിക്കൂറിനകം എട്ട് മൃതദേഹങ്ങൾ ലഭിച്ചു. പലരും വീടുകളിൽ നിന്ന് ഇറങ്ങി ഓടുമ്പോഴാണ് ദുരന്തത്തിൽ പെട്ടത്. മരങ്ങൾക്കും കല്ലുകൾക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്ന തരത്തിൽ ആയിരുന്നു മൃതദേഹങ്ങൾ. മരങ്ങൾ മുറിച്ചു നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
പാലം തകർന്ന് ഒറ്റപ്പെട്ട മുണ്ടക്കൈയിലെ 250 ഓളം ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു ശ്രമകരമായ ദൗത്യം. പാലം തകർന്ന ഭാഗത്ത് സമാന്തരമായ പാലം നിർമ്മിക്കാനായിരുന്നു ആദ്യശ്രമം. അതിന് ഏറെ സമയമെടുക്കുമെന്നതിനാൽ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചു. സൈന്യം രക്ഷാപ്രവർത്തനത്തിന് എത്തിയതോടെ പുഴയ്ക്ക് വീതി കുറഞ്ഞ ഭാഗത്ത് വടംകെട്ടി കുടുങ്ങിക്കിടന്നവരിൽ ചിലരെ രക്ഷപ്പെടുത്തി. മൃതദേഹങ്ങളും പുറത്തെത്തിച്ചു. വൈകിട്ട് ഹെലികോപ്ടർ കൂടി എത്തിയതോടെ കുടുങ്ങിക്കിടന്ന നിരവധിപേരെ രക്ഷിച്ചു. മരിച്ചവരിൽ ഭൂരിഭാഗം പേരും പ്രദേശവാസികളാണ്. തൊഴിലാളികളും പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടവരിലുണ്ട്.