മേപ്പാടി: മഴയും മൂടൽമഞ്ഞും ശക്തമായ ഒഴുക്കുള്ള പുഴയും തകർന്നടിഞ്ഞ പാലവും വെല്ലുവിളിയായെങ്കിലും സാഹസിക ദൗത്യത്തിലൂടെ മുണ്ടക്കൈയിൽ ഒറ്റപ്പെട്ടവർക്ക് രക്ഷാകരം നീട്ടി സൈന്യം. കോയമ്പത്തൂർ സോളൂരിൽ നിന്നുള്ള വ്യോമസേനാംഗങ്ങളടക്കം രക്ഷാദൗത്യത്തിൽ പങ്കാളികളായി. ഹെലികോപ്ടർ എത്തിച്ചും പുഴയിൽ വടംകെട്ടിയും താത്കാലിക പാലം നിർമ്മിച്ചുമൊക്കെയാണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത്.
ചൂരൽമലയിൽ പാലം പൂർണമായും തകർന്നതിനെ തുടർന്ന് മുണ്ടക്കൈ ഭാഗത്തേക്ക് ആർക്കും എത്താൻ സാധിച്ചിരുന്നില്ല. ഹെലികോപ്ടറിന്റെ സഹായം വേണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് വൈകിട്ട് അഞ്ചരയോടെ ഹെലികോപ്ടർ എത്തിച്ചത്. കുടുങ്ങിക്കിടന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. മണിക്കൂറുകളോളം വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടന്നവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.
ദ്രുതഗതിയിൽ താത്കാലിക പാലം നിർമ്മിച്ചും പുഴയിലൂടെ വടംകെട്ടിയുമാണ് കൂടുതൽപേരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെയാണ് ആദ്യം രക്ഷിച്ചത്. പിന്നീട് മറ്റുള്ളവരെയും. ആ ഭാഗത്ത് കണ്ടെത്തിയ മൃതദേഹങ്ങളും പുറത്തെത്തിച്ചു. രാത്രി ഏറെ വൈകിയും ദൗത്യം തുടർന്നു. അതിശക്തമായ മഴയെയും കുത്തൊഴുക്കുള്ള വെള്ളത്തെയും അതിജീവിച്ചാണ് സൈന്യത്തിന്റെ പ്രവർത്തനം. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡും ഇന്നെത്തിക്കും.
രക്ഷപ്പെടുത്തിയത് 647പേരെ
മുണ്ടക്കൈ ഭാഗത്തെ ദുരന്തഭൂമിയിൽ അകപ്പെട്ട 156 കുടുംബങ്ങളിലെ 647പേരെയാണ് ഇന്നലെ വൈകിട്ടോടെ സൈന്യം രക്ഷപ്പെടുത്തിയത്. ചൂരൽമല പാലം ഒലിച്ചു പോയതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരെയാണ് പുറത്തെത്തിച്ചത്. മുണ്ടക്കൈയിലെ റിസോർട്ടിൽ കുടുങ്ങിയവരെയും രക്ഷപ്പെടുത്തിയെന്ന് അറിയുന്നു. രക്ഷപ്പെടുത്തിയവരെ കോട്ടനോട്, മേഷാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മേപ്പാടി സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി.