മേപ്പാടി: നെഞ്ചുപൊട്ടുന്ന കാഴ്ചയാണ് എങ്ങും.... ഒരു നാടാകെ നിമിഷനേരം കൊണ്ട് തുടച്ചുനീക്കപ്പെട്ടു. മുണ്ടക്കൈയിലും ചൂരൽമലയിലും മരണത്തിന്റെ മണം. മനുഷ്യർ പാർത്തിരുന്ന നാട്ടിൽ കുത്തിയൊലിച്ചെത്തിയ ചെളിയും പാറക്കൂട്ടങ്ങളും മരക്കഷ്ണങ്ങളും മാത്രം. ഉറക്കത്തിൽ ഇരമ്പി വന്ന മരണം. പ്രകൃതിയുടെ രൗദ്രഭാവം ആവാഹിച്ച് പ്രാണന്റെ തുടിപ്പുകൾ ആർത്തിയോടെ നക്കിയെടുത്ത ഒരു ഘോര രാത്രിയുടെ അവസാന യാമങ്ങൾ...മൂക്കിലും വായിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും നിറഞ്ഞ് ശ്വാസം മുട്ടി പിടഞ്ഞവർ. ഒരാർത്തനാദത്തിന് പോലും ഒരു നിമിഷം കിട്ടാതെ ഒടുങ്ങിയ മനുഷ്യജന്മങ്ങൾ മണ്ണിൽ പുതഞ്ഞ കരൾ പിളർക്കുന്ന കാഴ്ച.
വയനാടൻ ഹരിതഭംഗി അനുഗ്രഹിച്ച ഒരു നാട്, അതേ പ്രകൃതി താണ്ഡവമാടി സർവവും സംഹരിച്ച വികൃത ഭൂമിയാണിപ്പോൾ. പാറയും മരങ്ങളും മണ്ണും മൂടിയ വീടുകളിൽ നിന്ന് ഓരോ മൃതദേഹവും സേനയുടെ നേതൃത്വത്തിൽ പുറത്തെടുക്കുമ്പോൾ ഉള്ളുപിടയാത്ത ഒരാളും ഇല്ല. കാണാതായവരെ കണ്ടെത്താൻ ചെളിയിൽ മനുഷ്യ മണം പിടിച്ച് നടക്കുന്ന പൊലീസ് നായകളായ മായ, മർഫിയും. അവയ്‌ക്ക് പിന്നാലെ പ്രതീക്ഷയോടെ സേനയടക്കമുളള ദൗത്യസംഘം. രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനാവാത്ത മൃതദേഹങ്ങൾ ആ മിണ്ടാപ്രാണികൾ കാട്ടിക്കൊടുത്തു.തെരച്ചിൽ വേഗത്തിലാക്കാൻ ഡൽഹിയിൽ നിന്ന് കൂടുതൽ സ്‌നിഫർ നായകൾ ദുരന്ത ഭൂമിയിലെത്തും.
മുണ്ടക്കൈയിലെ പളനി സ്വാമിയുടെ, ചെളിയിൽ പൂണ്ട ആധാരവും ആധാർ കാർഡ് ഉൾപ്പെടെ വിലപ്പെട്ട രേഖകളും കണ്ടെടുത്തു.
അഞ്ച് സെന്റിൽ ഒരു വീടെന്ന നിലയിൽ ജനം തിങ്ങിപ്പാർത്ത പ്രദേശങ്ങളിൽ ഇപ്പോൾ മനുഷ്യവാസത്തിന്റെ ഒരടയാളവും ബാക്കിയില്ല. കസേരയിൽ ഇരുന്ന ഇരിപ്പിൽ മരിച്ചവർ മുതൽ മൃതദേഹങ്ങൾ ആരുടെതാണെന്ന് ചോദിക്കാൻ കുടുംബത്തിൽ ആരും ശേഷിക്കാത്ത വിധം എല്ലാം തുടച്ചുനീക്കിയ ദുരന്തം. ആര്, ആരുടെ എന്നു ചോദിക്കാൻ ആരുമില്ലാത്ത നിരവധി മൃതദേഹങ്ങളാണ് മേപ്പാടിയിലെ ആശുപത്രിയിലുളളത്. മണ്ണിൽ പുതഞ്ഞ ഉറ്റവരെ തേടുന്ന ഭൂമിയായി മുണ്ടക്കൈയും ചൂരൽമലയും. ചെളിയിൽ അമർത്തിചവിട്ടാൻ പോലും പേടിയാകുന്നു. മണ്ണിനടിയിൽ ഉറ്റവർ ചലനമറ്റ് കിടക്കുന്നുണ്ടെങ്കിലോ....സ്വപ്‌നങ്ങൾ, ജീവിതങ്ങൾ..എല്ലാം മാഞ്ഞു പോയി...ഒരു രാത്രിക്കൊപ്പം...