മേപ്പാടി: വയനാട് ദുരന്ത പ്രദേശത്ത് മറ്റെന്തിനെക്കാളും രക്ഷാപ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന് ചൂരൽമല സന്ദർശിച്ചശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദുരന്ത പ്രദേശത്ത് സാദ്ധ്യമായതെല്ലാം ചെയ്യും. ഇത് സംസ്ഥാനത്തിന്റെ ദുഃഖമാണ്. പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഊർജ്ജിതമായാണ് പ്രവർത്തിക്കുന്നത്.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയിൽ നിന്ന് ഗവർണർ വിവരങ്ങൾ ആരാഞ്ഞു. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മേപ്പാടി വിംസ് ആശുപത്രിയും ഗവർണർ സന്ദർശിച്ചു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സന്ദർശിച്ചു. മന്ത്രി വീണാ ജോർജുമായി ആശയവിനിമയം നടത്തി. രണ്ട് പ്രളയങ്ങളെ അതിജീവിച്ചവരാണ് കേരളീയർ. ഇതും കേന്ദ്രവും സംസ്ഥാനവും കൈകോർത്ത് അതിജീവിക്കുമെന്ന് ഗവർണർ കോഴിക്കോട്ട് പറഞ്ഞു.