മേപ്പാടി: ഒരുമിച്ച് കട്ടിലിൽ ഉറങ്ങുകയായിരുന്നു തൻസിറയും നാൽപ്പത് ദിവസം പ്രായമായ കുഞ്ഞും. പക്ഷേ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിൽ കട്ടിലോടു കൂടി അമ്മയേയും കുഞ്ഞിനെയും കൊണ്ടുപോയി. കുത്തൊഴുക്കിനിടെ കുഞ്ഞ് അമ്മയിൽ നിന്ന് വേർപെട്ടു. എന്നാലുടൻ തൻസിറ തന്റെ കുഞ്ഞിനെ വാരിയെടുത്തു.
ചൂരൽമല പൊറ്റമ്മൽ അസീസിന്റെയും ആമിനയുടെയും മകളാണ് തൻസിറ. കുഞ്ഞിനെ പിടിച്ചെടുക്കുന്നതിനിടെ തൻസിറയുടെ തോളിന് പരിക്കേറ്റു. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖം പ്രാപിക്കുകയാണ്. അതിനിടെ തൻസിറയുടെ മൂത്ത മകൻ അഫയാൻ (11) കുത്തൊഴുക്കിൽപ്പെട്ടു. ഒന്നരമണിക്കൂറിന് ശേഷം ചെറിയ പരിക്കുകളോടെ അഫയാനെ മൂന്നൂറ് മീറ്റർ താഴെ നിന്ന് നാട്ടുകാരാണ് രക്ഷിച്ചത്.
അതേസമയം ഒലിച്ചുപോയ തൻസിറയുടെ മാതാവ് ആമിനയും അവരുടെ മാതാവ് പാത്തുമ്മയേയും കണ്ടെത്താനായില്ല. ചീരാൽ കുടുക്കി സ്വദേശിയായ തോപ്പയിൽ അൽത്താഫിന്റെ ഭാര്യയാണ് തൻസിറ. പ്രസവവുമായി ബന്ധപ്പെട്ടാണ് സ്വന്തം വീട്ടിലെത്തിയത്. ഗൾഫിലായിരുന്ന അൽത്താഫ് ദുരന്തവാർത്തയറിഞ്ഞ് ഇന്നലെ രാവിലെ മേപ്പാടിയിലെത്തി.