soman

മേപ്പാടി: മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇപ്പോൾ സുരക്ഷിതനാണ് സോമൻ. എന്നാൽ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. കഴുത്തൊപ്പം ചെളിയിൽ പൂണ്ട് പ്രാണനുവേണ്ടി നിലവിളിച്ച മണിക്കൂറുകൾ. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാടൊന്നാകെ സോമനു വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ രക്ഷാപ്രവർത്തകരുടെ കൈപിടിച്ച് രണ്ടാം ജന്മത്തിലേക്ക്. ഭാര്യയും മകനും മകന്റെ ഭാര്യയും ചെറുമകനും സോമനൊപ്പം ക്യാമ്പിലുണ്ട്. ചൂരൽ മലയിലെ വെള്ളിയം പറമ്പിലാണ് വീട്. 200 മീറ്റർ അകലെ പുഴ. മഴ കനത്ത് പുഴയിലൂടെ വെള്ളം ഉയരുന്നതു കണ്ട് സോമനൊഴികെയുള്ളവർ കുറച്ചപ്പുറം മകന്റെ വീട്ടിലേക്ക് മാറി. ഉരുൾപൊട്ടി വെള്ളം വീട്ടിൽ കയറിയപ്പോൾ സോമൻ സൺഷേഡിൽ കയറി തൊട്ടടുത്ത മരത്തിലൂടെ താഴെയിറങ്ങി. അപ്പോഴാണ് പുഴ ഗതി മാറിയ വിവരം അറിയുന്നത്. മരത്തടിയും കല്ലും പിടിച്ച് പുഴ കടക്കുന്നതിനിടെ ചെളിയിൽ കുടുങ്ങുകയായിരുന്നു.