മേപ്പാടി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിളള വയനാട്ടിലെ ദുരന്ത ഭൂമി സന്ദർശിച്ചു. വിംസ് ആശുപത്രി , മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെത്തി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരാണ് പലരും. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടേക്ക് കേരളത്തിന് പുറത്ത് നിന്ന് വന്നവരിൽ പലരും ദുരന്തത്തിന് ഇരയായിട്ടുണ്ട്. ഒറീസയിൽ നിന്നുള്ള ഒരു സംഘത്തിലെ വനിതാ ഡോക്ടറെ വിംസ് ആശുപത്രിയിൽ കണ്ടു. സംഘത്തിലെ ചിലരെ കാണാതായിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.തന്റെ സന്ദർശനം രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാവാതിരിക്കാൻ ശ്രദ്ധ ചെലുത്തിയിരുന്നു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ മരണഭൂമിയായി എന്ന വാർത്ത അറിഞ്ഞ ഉടൻ ഗോവയിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
ദുരന്ത സമയത്ത് എല്ലാവരും എല്ലാ ഭേദഭാവങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി വ്രണിത ഹൃദയർക്കായി മുന്നിട്ടിറങ്ങണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു.
ദുരന്തമുഖത്ത് കണ്ടത് കൂട്ടായ്മയുടെ കരുത്തെന്ന് മന്ത്രിമാർ
വയനാട്ടിലെ ദുരന്തമുഖത്ത് കണ്ടത് ജനകീയ കൂട്ടായ്മയുടെ കരുത്താണെന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരായ കെ. രാജനും അഡ്വ.പി.എ. മുഹമ്മദ് റിയാസും കേരളകൗമുദിയോട് പറഞ്ഞു. സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാദുരന്തമാണ് നടന്നത്.
ചെയ്യാവുന്ന എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സഹായവും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നപ്പോൾ പരമാവധിപേരെ രക്ഷിക്കാനും മൃതദേഹങ്ങൾ കണ്ടെടുക്കാനുമായി. കാണാതെ പോയവരെ കണ്ടെത്തണമെങ്കിൽ മൃതദേഹങ്ങൾ ആദ്യം സ്ഥിരീകരിക്കണം. ഇനിയും മൃതദേഹങ്ങൾ കിട്ടാനുണ്ട്. ഇന്നത്തോടെ റവന്യൂവകുപ്പ് കണക്ക് പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജനും റിയാസും പറഞ്ഞു.
മുണ്ടക്കൈ, ബംഗ്ലാവ് കുന്ന്, മസ്ജിദ്, റിസോർട്ടുകൾ തുടങ്ങിയ ഇടങ്ങളിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കണം. സൈന്യം നിർമ്മിക്കുന്ന പാലം നാളെ പൂർത്തിയായാൽ കുടുങ്ങിക്കിടക്കുന്നവരെയെല്ലാം കരയ്ക്കെത്തിക്കാനാവും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ടെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.