ആലപ്പുഴ: വള്ളംകളിയെന്നാൽ തുടക്കകാലം മുതൽ കരക്കാരുടെ കരുത്തും ആഘോഷവുമാണ്. കാലം കടന്നുപോകവേ, കരയ്ക്ക് പുറത്തുനിന്നുള്ളവർ തുഴയെറിയാൻ അരങ്ങേറിയെങ്കിലും കരയുടെ കരുത്ത് ചുണ്ടന്മാർ കൈവിട്ടിട്ടില്ല. ഇക്കൊല്ലം പുന്നമടക്കായലിൽ പോരാട്ടത്തിനിറങ്ങുന്ന 19 ചുണ്ടൻമാരിൽ 15 എണ്ണവും കരകളുടെ പേരിലാണ് മത്സരിക്കുന്നത്. ഓരോ ചുണ്ടന് പിന്നിലും ഓരോ കരക്കാരുടെ പ്രാർത്ഥനയും പിന്തുണയുമുണ്ടെന്നർത്ഥം. കരയുടെ പേരിൽ വള്ളമിറക്കാനുള്ള ആലോചനായോഗം മുതൽ രൂപപ്പെടുന്ന കൂട്ടായ്മകൾ പിന്നീട് തലമുറകൾ പിന്നിട്ടും മുന്നേറും. കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിലെ വിവിധ കരകളുടെ പേരിലാണ് ഭൂരിഭാഗം ചുണ്ടന്മാരും നീറ്റിലിറങ്ങുന്നത്. അവരിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ശ്രീവിനായകനും, വലിയ ദിവാൻജിയും, സെന്റ് ജോർജ്ജും, സെന്റ് പയസ് ടെൻതുമാണ്. സാക്ഷാൽ ജവഹർലാൽ നെഹ്റു കയറിയ പാരമ്പര്യമുള്ള നടുഭാഗം മുതൽ, ഇളംതലമുറക്കാരൻ തലവടി ചുണ്ടൻ വരെ നീളുന്നു കരക്കാരുടെ വള്ളങ്ങളുടെ ലിസ്റ്റ്.
സ്ഥലപ്പേരിലിറങ്ങുന്ന ചുണ്ടനുകൾ
പായിപ്പാടൻ (2 എണ്ണം), ആലപ്പാടൻ, ചമ്പക്കുളം, ചെറുതന, തായങ്കരി, കരുവാറ്റ, തലവടി, നിരണം, നടുഭാഗം, മേൽപ്പാടം, വീയപുരം, ആനാരി, ആയാപറമ്പ്, കാരിച്ചാൽ
ക്ലബ്ബിലുമുണ്ട് കരക്കരുത്ത്
വള്ളങ്ങളുടെ പേരിൽ മാത്രമല്ല, ക്ലബ്ബുകളും ഭൂരിഭാഗവും സ്ഥലപ്പേരുകളിൽ തന്നെയാണ് രൂപീകരിച്ചിരിക്കുന്നത്. നെഹ്റുട്രോഫി ജലമേളയ്ക്ക് ആതിഥ്യം വഹിക്കുന്ന പുന്നമടയിലെ സ്വന്തം പുന്നമട ബോട്ട് ക്ലബ്ബ് മുതൽ കുമരകവും, സൗത്ത് പറവൂർ വരെയും ക്ലബ്ബുകളാണ്.
ഇത്തവണ മത്സരിക്കുന്ന ക്ലബ്ബുകൾ
ആലപ്പുഴ ടൗൺ
സൗത്ത് പറവൂർ
പുന്നമട
ന്യൂ ചെറുതന
ജവഹർ
പായിപ്പാട്
ചങ്ങനാശ്ശേരി
കാരിച്ചാൽ ടൗൺ
കൈനകരി യു.ബി.സി
നിരണം
കുമരകം ടൗൺ
സെന്റ് ജോസഫ്സ് കായൽപ്പുറം
എസ്.എച്ച്
കാവാലം
വി.ബി.സി കൈനകരി
സെന്റ് പയസ് ടെൻത്
ജീസസ്
മങ്കൊമ്പ് തെക്കേക്കര
പള്ളാത്തുരുത്തി
കരയുടെ പേരിൽ തന്നെ വള്ളവും ക്ലബ്ബും ഇറക്കുന്നവരുണ്ടായിരുന്നു. ഇപ്പോൾ വിവിധ ഘടകങ്ങൾ വിലയിരുത്തി പഠനം നടത്തിയാണ് മുൻനിര ക്ലബ്ബുകൾ ചുണ്ടൻമാരെ തിരഞ്ഞെടുക്കുന്നത് -
-ശശിധരൻ ആലപ്പുഴ, ആദ്യകാല തുഴച്ചിൽക്കാരൻ