1

കുട്ടനാട്: സി.പി.എം ഭരണം നടത്തുന്ന വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റും അംഗങ്ങളും തമ്മിലുള്ള പടലപ്പിണക്കം വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപം. പ്രളയത്തിൽ തകർന്ന പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് അഞ്ച് നിലകളുള്ള കെട്ടിടമുൾപ്പടെ നിർമ്മിക്കാൻ കിഫ്ബി മുഖേന 150 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ,​

നാളിതുവരെ ഇതിന്റെ പ്രാഥമിക ജോലികൾ പോലും ആരംഭിക്കാനായിട്ടില്ല. ആശുപത്രിയിലേക്കുള്ള റോഡിന്റെ നിർമ്മാണം പോലും ഇവർക്കിടയിലെ ചേരിപ്പോര് കാരണം നീണ്ടുപോകുകയാണ്. കുരിശുംമൂട് ആശുപത്രിയുടെ കാര്യവും വ്യത്യസ്തമല്ല. കിഫ്ബി മുഖേന മൂന്ന് കോടിരൂപ അനുവദിച്ചെങ്കിലും രേഖകൾ സമയത്ത് നൽകാൻ കഴിയാത്തതിനാൽ ഫണ്ട് പാഴിപ്പോയി.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വേണുഗോപാലും സി.പി.എം കുട്ടനാട് ഏരിയാ നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത കാലങ്ങളായി തുടരുകയാണ്.

ഒരംഗം ഒഴികെ മറ്റ് അംഗങ്ങളെല്ലാം നേതൃത്വത്തോടൊപ്പം ചേർന്ന് പ്രസിഡന്റിനെ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ ആശുപത്രിയുടെ മാത്രമല്ല,​ ബ്ലോക്കിലെ തന്നെ വികസനം താളം തെറ്റിയ മട്ടാണ്.

പിന്നിൽ ഏരിയാനേതൃത്വം?​

ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ മന്ത്രിയെ കാണാൻ ചെന്നപ്പോൾ പ്രസിഡന്റിനെ നോക്കുകുത്തിയാക്കി,​ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വന്തം ലെറ്റർപാടിൽ നിവേദനം നൽകിയതിന് പിന്നിൽ ഏരിയാ നേതൃത്വമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇത് ചർച്ചയാകുകയും ബഹളത്തിൽ കലാശിക്കുകയും ചെയ്തു.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ആദ്യം ടേം വി.കെ.വേണുഗോപാലിന് നൽകാതെ സി.പി.ഐയ്ക്ക് നൽകിയതിന് പിന്നിലും ഈ ചേരിപ്പോര് ആണന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

രാമങ്കരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആർ.രാജേന്ദ്രകുമാറിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത് പോലെ ഏരിയാ നേതൃത്വത്തിന് അനഭിമതനായ വേണുഗോപാലിനെയും പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും സംശയിക്കുന്നവരുണ്ട്.

കക്ഷിനില

ആകെ: 13

സി.പി.എം: 7

കോൺഗ്രസ്: 3

സി.പി.ഐ: 2

കേരളാകോൺഗ്രസ്: 1