ചാരുംമൂട് : പാലമേൽ ഗ്രാമപഞ്ചായത്തിലെ മാമ്മൂട്,മറ്റപ്പള്ളി,പുലിക്കുന്ന് എന്നീ വാർഡുകൾ സംഗമിക്കുന്ന കരിമാൻകാവ് ഭാഗത്ത് കൂടി കടന്ന് പോകുന്ന കെ.ഐ.പി കനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. 25 വർഷം മുമ്പ് കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് ടാർ ചെയ്തതിനുശേഷം പിന്നെ ഒരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല.
കെ.പി റോഡിലേക്കടക്കം പ്രധാന റോഡുകളിലേക്ക് പ്രദേശത്തെ താമസക്കാർക്ക് സഞ്ചരിക്കുവാനുള്ള ഏക മാർഗമാണിത്. സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ ദിവസവും ഈ റോഡുവഴി കടന്നുപോകുന്നുണ്ട്.
മെറ്റലുകൾ ഇളകി കുഴികൾ രൂപപ്പെട്ട റോഡിൽ അപകടങ്ങളും പതിവാണ്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ചെളി രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങൾ തെന്നി കനാലിലേക്ക് വീഴുന്ന സാഹചര്യവും ഉണ്ട്.
ടാടിംഗ് നടത്തേണ്ടത് പഞ്ചായത്ത്
1.കെ.ഐ.പിയുടെ റോഡ് ആണെങ്കിലും അനുമതി വാങ്ങി ടാറിംഗ് നടത്തേണ്ടത് അതത് പഞ്ചായത്തുകളാണ്
2.പാലമേൽ ഗ്രാമ പഞ്ചായത്ത് ഈ റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
3.നിരവധി തവണ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം
4.5കി.മീ.
റോഡിന്റെ ദൈർഘ്യം
കെ. പി റോഡിന് സാമാന്തരമായി കിടക്കുന്ന കനാൽ റോഡ് എത്രയും വേഗം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയാൽ ഒരു പരിധി വരെ കെ. പി റോഡിലെ തിരക്ക് കുറയ്ക്കാം
- വിപിൻ സുരേന്ദ്രൻ, നാട്ടുകാരൻ
ഒരു റോഡ് രണ്ട് പതിറ്റാണ്ടായി ടാർ ചെയ്യാതെ പൊളിഞ്ഞ് കിടക്കുക എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ്. അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കിൽ നാട്ടുകാർ ഒരുമിച്ച് സമരപരിപാടികൾ ആരംഭിക്കും.
- വി ജയകുമാർ, പ്രസിഡന്റ്, ബി.ജെ.പി പാലമേൽ പഞ്ചായത്ത് കമ്മറ്റി