ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ സ്വാഗതസംഘം ഓഫീസും
വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിനാളുകൾ വന്നുപോകുന്നതുമായ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം കണ്ടാൽ ആക്രിപ്പുര തോറ്റുപോകും. ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കെട്ടിടത്തിന്റെ കവാടം മുതൽ പിന്നാമ്പുറം വരെ പാഴ്‌വസ്‌തുക്കളുടെ ഘോഷയാത്രയാണ്. കണ്ടം ചെയ്യാറായ വാഹനങ്ങളും കേടായ മോട്ടോറുകളും പഴയ ഓഫീസ് ഉപകരണങ്ങളും കടലാസുകളും കുത്തിനിറച്ച പ്ളാസ്റ്റിക്ക് ചാക്കുകെട്ടുമൊക്കെയായി നാടിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് മിനി സിവിൽ സ്റ്റേഷൻ.
നഗരത്തിൽ തലയുയർത്തി നിൽക്കുന്ന കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിന്റെ വശങ്ങളിലെ പൊട്ടിയ ഗ്ളാസുകൾക്ക് പകരം മാസങ്ങളായി ടാർപോളിൻ കെട്ടി മറച്ചിരിക്കുകയാണ്. നിരനിരയായുള്ള ടാർപോളിനുകൾ കെട്ടിടത്തിന്റെ ശോഭ കെടുത്തുന്നതിലുപരി, കാറ്റും വെളിച്ചവും കടക്കാനുള്ള മാർഗംകൂടി ഇല്ലാതാക്കി.
പരിസരം ആക്രിക്കടയേക്കാൾ കഷ്ടം
1. ലിഫ്റ്റ് തകരാർ പതിവായ കെട്ടിടത്തിന്റെ ഓരോ നിലകളിലെയും സ്റ്റെയർ കെയ്സുകൾ പാഴ് വസ്തുക്കളും ചാക്കുകെട്ടുകളും കേടായ ഉപകരണങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ നാലുഭാഗത്തും മാലിന്യം കെട്ടിക്കിടപ്പുണ്ട്
2. നെഹ്രുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ഫിനിഷിംഗ് പോയിന്റിലെയും പരിസരത്തെയും മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും സിവിൽ സ്റ്റേഷൻ പരിസരത്തേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല
3. ഓഫീസുകളിലെ മാലിന്യം തരംതിരിച്ച് ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിട്ടുണ്ടെങ്കിലും അതെല്ലാം സിവിൽ സ്റ്റേഷൻ പരിസരത്ത് പല സ്ഥലങ്ങളിലായി 'ഭദ്രമായി'തന്നെ സൂക്ഷിച്ചിട്ടുണ്ട്
മിനി സിവിൽസ്റ്റേഷൻ
ഓഫീസുകൾ: 36
ജീവനക്കാർ: 250
മിനി സിവിൽ സ്റ്റേഷൻ മോടിപിടിപ്പിക്കാൻ 3.5 ലക്ഷം രൂപയുടെ ജോലികൾ ഉടൻ ടെണ്ടർ ചെയ്യും.
കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും നവീകരിക്കുന്നത് ഉൾപ്പടെയുള്ള ജോലികളാണ് ഇതിലുള്ളത്. പെയിന്റിംഗ്, ഇലക്ട്രിക്കൽ, പ്ളംബ്ബിംഗ് ജോലികൾക്കായി കാൽക്കോടി രൂപയുടെ രണ്ട് പദ്ധതികൾ കൂടി സമർപ്പിച്ചിട്ടുണ്ട്
- പൊതുമരാമത്ത് കെട്ടിട വിഭാഗം