op

ആലപ്പുഴ: ഉദ്ഘാടന തീയതി പ്രഖ്യാപിച്ചാൽ പ്രവർത്തനം ആരംഭിക്കാവുന്ന തരത്തിലേക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക്. ഉപകരണങ്ങളിൽ പകുതിയും എത്തിക്കഴിഞ്ഞു.ശേഷിക്കുന്നവ വരും ദിവസങ്ങളിൽ എത്തിക്കും. മേശ, കസേര, കട്ടിൽ തുടങ്ങിയ ഫർണിച്ചറുകൾക്കുള്ള ക്വട്ടേഷൻ തുറന്നു. സപ്ലൈ ഓർഡറുകളും പുരോഗമിക്കുന്നു.നിർമ്മാണം പൂർത്തിയാക്കി ഒ.പി ബ്ലോക്ക് ഈമാസം നാടിന് സമർപ്പിക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് സ്ഥലം എം.എൽ.എ എച്ച്.സലാം ആശുപത്രി മാനേജ്മെന്റ് യോഗത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 30ന് തിരുവനന്തപുരത്ത് കിഫ്‌ബി ഓഫീസിൽ എം.എൽ.എ പങ്കെടുത്ത അവലോകന യോഗവും നടന്നിരുന്നു.

മുഴുവൻ ഒ.പികളും ഒരു കുടക്കീഴിൽ

രോഗനിർണയത്തിനും ചികിത്സയ്ക്കും അത്യാധുനിക ഉപകരണങ്ങൾ

 എം.ആർ.ഐ സ്‌കാൻ, മാമോഗ്രാം, എക്സ് റേ ഉൾപ്പെടെയുള്ള ഉപകരണൾ എത്തിച്ചേർന്നു

 മെഡിക്കൽ ഉപകരണങ്ങൾക്കും ഏഴ് നിലയുള്ള കെട്ടിടത്തിനുമായി 117 കോടിയുടെ കിഫ്ബി ഫണ്ട്

ആശുപത്രിയിലെ മുഴുവൻ ഒ.പികളും പുതിയ കെട്ടിടത്തിലേക്ക് മാറും

 ഫാർമസി, ലാബ്, റേഡിയോളജി വിഭാഗങ്ങളും, മിനി ഓപ്പറേഷൻ തിയേറ്ററും പുത്തൻ കെട്ടിടത്തിൽ പ്രവർത്തിക്കും

 മെഡിസിൻ, പി.എം.ആർ, പീഡിയാട്രിക്ക് ഐ.പി വാർഡുകൾ കൂടി താത്കാലികമായി മാറ്റും

 രണ്ട് നിലകളിലാവും ഐ.പി വാർഡുകൾ പ്രവർത്തിക്കുക

പദ്ധതി തുക : 117 കോടി

നിലകൾ: 7


പ്രധാന മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും എത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ഈ മാസം തന്നെ എത്തിക്കാൻ കെ.എം.സി.എല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ട്

- എച്ച്.സലാം എം.എൽ.എ