ആലപ്പുഴ: സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൈകോർത്ത് ആലപ്പുഴയും. വ്യക്തികളും സംഘടനകളും സഹായങ്ങളുമായി ജില്ലാ ഭരണകൂടത്തെ തുടർച്ചയായി സമീപിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് മുഖേനെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നതിനാൽ സ്കൂളുകളും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആദ്യഘട്ടത്തിലാവശ്യമായ
സാധനങ്ങൾ കൂടുതലായി എത്തുന്നതിനാൽ പരമവാധി സഹായം പണമായി സ്വരൂപിക്കാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് തുക നൽകാനുള്ള സൗകര്യവും ധാരാളം ആളുകൾ ഉപയോഗിച്ചുവരുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപയാണ് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിച്ചത്. വ്യാപാരികൾ യൂണിറ്റ് തലത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സി.എം.ഡി.ആർ ഫണ്ടിലേക്ക് ചെക്ക്, ഡി.ഡി എന്നിവ സ്വീകരിക്കുന്നതിനുള്ള സംവിധാനം കളക്ടറേറ്റിൽ ഒരുക്കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തര ആവശ്യമുള്ള സാധനങ്ങൾ
സിബ് ലോക്ക് കവർ (വലുത്), സർജൻസ് ഗൗൺ, സാനിറ്റൈസർ, ഫിനൈൽ, ഹാൻഡ് വാഷ്, ഡെറ്റോൾ, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ് ഓൺ കോൾ പ്ലസ്, ലാൻസെറ്റ്, മഴക്കോട്ട്, ബിപി ഹാൻഡിൽ സൈസ് 04, പ്ലാസ്റ്റിക് ഏപ്രൺ, സാമ്പിൾ ബോട്ടിൽ(പ്ലാസ്റ്റിക് 200 എം.എൽ), ഗമ്പൂട്ട്, സ്ലിപ്പർ, മാറ്റ്, മാലിന്യം ശേഖരിക്കാനുള്ള കവർ, കമ്പിളി, ബ്ലീച്ചിങ് പൗഡർ. കളക്ഷൻ സെന്റർ ആലപ്പുഴ കളക്റേറ്റ്: 9495003640, 1077