ആലപ്പുഴ: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സ്‌കൂട്ടർ യാത്രികനും കാർയാത്രക്കാരും കായലിൽ വീണ സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് കേസ്. മണ്ണഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയാണ് കേസെടുത്തത്.

ബുധനാഴ്ച രാത്രി 11.30ന് പുന്നമട റിസോർട്ടിന് കിഴക്ക് ഹൗസ്ബോട്ടുകൾ അടുപ്പിക്കുന്ന കടവിനു സമീപമായിരുന്നു അപകടം.

സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരായ യുവാക്കൾ ഒരു റിസോർട്ടിലെ ആഘോഷം കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് സംഭവം.സ്‌കൂട്ടറിൽ പോയ ജീവനക്കാരിലൊരാൾ ഗൂഗിൾ മാപ്പിട്ട് യാത്ര ചെയ്യുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ കാറിൽ പിന്നാലെ പോയി. എന്നാൽ, കടവിലെത്തിയപ്പോൾ റോഡ് തീർന്നത് മാപ്പിൽ കാണിച്ചില്ല. ഇതോടെയാണ് സ്‌കൂട്ടറും കാറും വെള്ളത്തിൽ പോയതെന്നാണ് പൊലീസ് പറയുന്നു. മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്.

ഇവർ നീന്തി കരയ്ക്ക് കയറി. പൊലീസും ഫയർഫോഴ്സും വാഹനങ്ങളെ കരയ്ക്കെത്തിച്ചു. ആർക്കും പരിക്കില്ല.