ഹരിപ്പാട് : കാർത്തികപ്പള്ളി ജംഗ്ഷനിലെ സൗന്ദര്യവത്കരണ പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങിയതോടെ യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിൽ. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച രണ്ടുകോടിയുടെ വികസന പ്രവർത്തനങ്ങളാണ് ജംഗ്ഷനിൽ നടത്തുന്നത്.
നാലുദിക്കിലോട്ടും 300മീറ്റർ നീളത്തിൽ റോഡ് ഉയർത്തി ടാറിംഗ്, ഹാന്റ് റെയിൽ, ജലനിർഗമന മാർഗത്തിനുളള ഓട സൗകര്യം, റോഡ് സുരക്ഷാ അടയാളങ്ങൾ, പുതിയ തെരുവു വിളക്കുകൾ, അടയാള ബോർഡുകൾ എന്നിവ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. കൂടാതെ ജംഗ്ഷനിൽ ഓപ്പൺ സ്‌റ്റേജ് നിർമിക്കും. പടിഞ്ഞാറുവശത്തെ പാലത്തിന്റെ ഇരുവശങ്ങളിലും പിച്ചിങ്ങും കാർത്തികപ്പള്ളിതോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ വേലിയും കെട്ടും. കാർത്തികപ്പള്ളിയുടെ ചരിത്രം ആലേഖനം ചെയ്യുന്ന ശിലാഫലകവും സ്ഥാപിക്കുന്നുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.
ജംഗ്ഷനിൽ ചെറിയ മഴയിൽപോലും വെള്ളം കെട്ടി നിൽക്കും. റോഡിലൂടെ വാഹനം കടന്നു പോകുമ്പോൾ ഇരു വശങ്ങളിലേക്കും വെള്ളം തെറിക്കുന്നത് വലിയ ദുരിതമാണ് തീർക്കുന്നത്. ജലജീവൻ മിഷൻ പൈപ്പുകൾ റോഡിനരികിൽ കുഴിച്ചിടുന്ന പണി വൈകുന്നതാണ് റോഡ് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ മുടങ്ങാൻ കാരണം.
ജംഗ്ഷനിൽ വെള്ളക്കെട്ട്
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്
മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്
എന്നാൽ പകുതിയോളം പണികൾ ഇനിയും ശേഷിക്കുകയാണ്
റോഡിന്റെ ഉയർത്തൽ നടക്കാത്തതാണ് നിലവിലെ ദുരിതത്തിന് പ്രധാന കാരണം
ജംഗ്ഷനിൽ പുല്ലുകുളങ്ങരക്കും ഹരിപ്പാടിനും തിരിയുന്ന ഭാഗത്ത് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു
ഇവിടെയാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഓട്ടോസ്റ്റാന്റും കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്.
ഓപ്പൺ സ്റ്റേജിന്റെയും തെരുവ് വിളക്കുകളുടേയും നിർമ്മാണവും തോടരികിൽ വേലി സ്ഥാപിക്കുന്നതടക്കമുള്ള പ്രധാന ജോലികൾ ശേഷിക്കുകയാണ്
-നാട്ടുകാർ