ആലപ്പുഴ : ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനും വരുതിയിലാക്കാനും ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വാർഷിക ആരോഗ്യ പരിശോധന, ശൈലി 2.0ക്ക് തുടക്കമായി. പരിശോധനയുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനുമായി വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുന്ന ആശ പ്രവർത്തകരുമായി സഹകരിക്കണമെന്ന് ജില്ല കളക്ടർ പറഞ്ഞു.

2023ൽ ആലപ്പുഴ ജില്ലയിൽ 30 വയസ്സിന് മുകളിലുള്ള 10,23,995 പേരിലാണ് ശൈലി ആരോഗ്യ സർവേ നടത്തിയത്. ഇതിൽ പുതുതായി 93,393 (09%) പേരിൽ രക്തസമ്മർദ്ദവും 5797 പേരിൽ പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. 19,2911 (19%) പേർ രക്തസമ്മർദ്ദത്തിനും 14,1073 (14%) പ്രമേഹത്തിനും 6166 പേർ ക്യാൻസറിനും ചികിത്സയിൽ ഉള്ളതായും കണ്ടെത്തി.

വിവരശേഖരണത്തിന് ആശാ പ്രവർത്തകർ

 30 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് വാർഷിക ആരോഗ്യ പരിശോധന നടത്തുന്നത്

 വിശദമായി തയ്യാറാക്കിയ ചോദ്യാവലിയുമായി ആശാ പ്രവർത്തകർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും

സർവേയ്ക്ക് വിധേയരാകുന്നവർ പ്രദേശത്തെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക പരിശോധനകളും തുടർ നിർദ്ദേശങ്ങളും പാലിക്കണം

സർവ്വേയിൽ നിന്നും കണ്ടെത്തുന്ന ക്യാൻസർ, ഹൃദ്രോഗം മുതലായ വിദഗ്ധ ചികിത്സ വേണ്ട രോഗങ്ങൾക്ക് മുൻഗണന അടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാക്കും