pralayam

മുഹമ്മ: കായലോര പ്രദേശമായ മുഹമ്മയിലെ ശുദ്ധജല പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ പത്താം വാർഡ് നികർത്തിൽ ഭുവനചന്ദ്രന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ച പൊതു ആർ.ഒ.പ്ളാന്റ് ഉപയോഗക്ഷമമല്ലാതായിട്ടും തകരാർ പരിഹരിക്കാൻ നടപടിയില്ല.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടനയായ ഏട്രിയുടെ സഹായത്തോടെ 2015 ലാണ് ഇവിടെ പ്ളാന്റ് സ്ഥാപിച്ചത്. നൂറുകണക്കിന് കുടുംബങ്ങളുടെ ദാഹജല പ്രശ്നത്തിന് ഇതോടെ പരിഹാരമാകുകയും ചെയ്തിരുന്നു. ആരും സ്ഥലം കൊടുക്കാൻ തയ്യാറാകാതിരുന്നപ്പോൾ നിവർത്തിൽ ഭുവനചന്ദ്രനും ജ്യേഷ്ഠൻ സോമനും ചേർന്ന് ഒന്നര സെന്റ് സ്ഥലം നൽകിയാണ് പ്ളാന്റ് തുടങ്ങിയത്. കെട്ടിടവും വൈദ്യുതി കണക്ഷനും പഞ്ചായത്തും ആർ.ഒ പ്ളാന്റ് ഏട്രിയുമാണ് സജ്ജമാക്കിയത്.എന്നാൽ,​ 2018ലെ പ്രളയം ആർ.ഒ പ്ളാന്റിനെ തകർത്തു. പിന്നീട് കടുത്ത വരൾച്ചയും രൂക്ഷമായ കുടിവെള്ളക്ഷാമവും പലതവണ ഉണ്ടായിട്ടും തകരാറിലായ ആർ.ഒ പ്ളാന്റിനെ ആരും തിരിഞ്ഞുനോക്കിയില്ല.

വിലകൊടുത്ത് വെള്ളം വാങ്ങണം

 അഞ്ചുതൈയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ മിനി വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളമാണ് ആർ.ഒ പ്ളാന്റിലെത്തിച്ച് ശുദ്ധീകരിച്ച് സൗജന്യമായി നൽകിയിരുന്നത്

 പ്രദേശത്ത് ജപ്പാൻ കുടിവെള്ള പദ്ധതി വന്നെങ്കിലും സ്വകാര്യ ആർ.ഒ പ്ളാന്റിൽ നിന്ന് കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇപ്പോൾ നാട്ടുകാർ

 ആർ.ഒ പ്ളാന്റിന്റെ തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

ആ‌‌‌ർ.ഒ.പ്ളാന്റിന്റെ തകരാർ പരിഹരിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കും

- എൻ.ടി.റെജി,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ്