ph

കായംകുളം: കായംകുളത്തെ രണ്ടായി വിഭജിക്കുന്ന തരത്തിൽ മണ്ണിട്ടുയർത്തിയുള്ള ദേശീയപാതാ നിർമ്മാണം ഒഴിവാക്കി തൂണുകളിൽതീർത്ത എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ,​ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ മനുഷ്യമതിൽ തീർത്ത് പ്രതിഷേധിച്ചു. ചിറക്കടവം മുതൽ കൊറ്റുകുളങ്ങരവരെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ മതിലിൽ പങ്കാളികളായി. മുൻ എം.പി.അഡ്വ.സെബാസ്റ്റ്യൻപോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സാമ്പത്തിക ലാഭങ്ങൾക്കപ്പുറം ജനജീവിതത്തെ കൂടി പരിഗണിച്ചായിരിക്കണം റോഡ് നിർമ്മാണം നടത്തേണ്ടതെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.ശിവഗിരി മുൻ മഠാധിപതിയും ചേവണ്ണൂർ കളരി കാര്യദർശിയുമായ സ്വാമിവിശുദ്ധാനന്ദ ,കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല,സമര സമിതി കൺവീനർ ദിനേഷ് ചന്ദന, ജയകുമാർ കരുണാലയം, എ.പ്രവീൺകുമാർ, അജീർ യൂനുസ്,കൗൺസിലർ കെ.പുഷ്പദാസ് തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭാ കൗൺസിലർമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മത സാമുദായിക സംഘടനാ നേതാക്കൾ, വ്യാപാരി സംഘടനകൾ, സ്വർണ വ്യാപാരികൾ, പ്രവാസി സംഘടനകൾ, യുവജന-വിദ്യാർത്ഥി യൂണിയനുകൾ, വിവിധ മഹിളാ സംഘടനകൾ, സാംസ്കാരിക - സന്നദ്ധ സംഘടനകൾ, വിവിധ ട്രേഡ് യൂണിയന്‍ തൊഴിലാളി സംഘടനകൾ, പെൻഷനേഴ്സ് സംഘടനകൾ റസിഡൻസ് അസോസിയേഷനുകൾ, ഹോട്ടൽ സംഘടനകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ മതിലിൽ അണി നിരന്നു.