marithi-alto-car

മാന്നാർ: 15വർഷം മുമ്പ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്നു കുഴിച്ച് മൂടിയ കേസിൽ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കാറിനെപ്പറ്റിയുള്ള കൂടുതൽ അന്വേഷണത്തിനായി റിമാൻഡിൽ കഴിയുന്ന നാലാംപ്രതി കണ്ണമ്പള്ളിൽ പ്രമോദ്രനെ (45) കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കെ.എൽ 27-8392 രെജിസ്ട്രേഷനിലുള്ള വെള്ള മാരുതി ആൾട്ടോകാർ അന്വേഷണസംഘം കൊല്ലം കൊട്ടിയത്തു നിന്ന് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തിയ അനിലിന് ഉപയോഗിക്കാനെന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് ഭർത്താവായ അനിൽ കലയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. രണ്ടാംപ്രതിയായ പ്രമോദിന് മാന്നാർ സ്വദേശിയായ മഹേഷാണ് കാർ വാടകയ്ക്ക് കൊടുത്തതെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമോദിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയിൽ അപേക്ഷ നൽകുന്നത്.
റിമാൻഡിൽ കഴിയുന്ന പ്രതികൾ ആലപ്പുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിന്മേൽ തിങ്കളാഴ്ച കോടതി വാദംകേൾക്കും. നിലപാടറിയിക്കാൻ കലയുടെ സഹോദരൻ അനിൽകുമാർ കോടതിയിൽ ഹാജരാകാൻ ജില്ലാ ജഡ്ജി കെ.കെ ബാലകൃഷ്ണൻ ഉത്തരവിട്ടിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടിക വർഗ(അതിക്രമങ്ങൾ തടയൽ) ഭേദഗതി നിയമം 2015 നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാലാണ് കലയുടെ അടുത്ത ബന്ധു ഹാജരാകാൻ കോടതി ഉത്തരവിട്ടത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വേണുവും പ്രതികൾക്കായി അപർണ സി.മേനോനുമാണ് കോടതിയിൽ ഹാജരാവുന്നത്.

പല കൈകൾ മറിഞ്ഞെത്തിയ കാർ

പ്രമോദിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. മാന്നാറിലും പരിസരത്തും കാറുകൾ വാടകയ്ക്ക് കൊടുക്കുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് മഹേഷിലേക്കെത്തിയത്. 2008ൽ വിവാഹത്തിനായി മഹേഷ് വാങ്ങിയ കാറിന്റെ ചിത്രം മഹേഷിന്റെ വിവാഹ ആൽബത്തിൽ നിന്നും പൊലീസിന് ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. മഹേഷ് തിരുവനന്തപുരം സ്വദേശിക്ക് വിറ്റ കാർ പല ഉടമകൾ കൈമാറി ചാത്തന്നൂർ സ്വദേശിയിലൂടെ ഒരുവർഷം മുമ്പാണ് നിലവിലെ ഉടമയായ കൊട്ടിയം സ്വദേശിയുടെ കൈകളിൽ എത്തിയത്. കസ്റ്റഡിയിൽ എടുത്ത കാർ കോടതിയിൽ ഹാജരാക്കിയ ശേഷം മാന്നാർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രമോദ് സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയവെയാണ് കലയുടെ കൊലപാതകത്തെ കുറിച്ചുള്ള ഊമക്കത്ത് പൊലീസിന് ലഭിച്ചത്. 2024 മാർച്ച് 25നാണ് തോട്ടപ്പള്ളി സ്വദേശിനിയായ ഭാര്യ രാധുവിനെ ഇയാൾ കൊല്ലാൻ ശ്രമിച്ചത്.