ആലപ്പുഴ : ജില്ലാകോടതിക്ക് എതിർവശത്തെ സപ്ളൈകോ സൂപ്പർ മാർക്കറ്റിന് വേണ്ടി ഒരുകോടി രൂപ ചെലവഴിച്ചുള്ള കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണത്തിന് ഈ മാസം തുടക്കമാകും. പദ്ധതി പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. നിലവിലെ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ടെണ്ടർ ഈ ആഴ്ച നടക്കും. നഗരഹൃദയത്തിൽ സ്വന്തമായള്ള 10സെന്റ് സ്ഥലത്താണ് കെട്ടിടസമുച്ചയം നിർമ്മിക്കുന്നത്. ആറുമാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കെട്ടിടം നവീകരണത്തിന്റെ പേരിൽ സപ്ളൈകോ സൂപ്പർ മാർക്കറ്റ് വാടകക്കെട്ടിടത്തിലേക്ക് മാറ്റിയതോടെ വിൽപ്പന കുത്തനേ കുറഞ്ഞു. പ്രതിമാസവിൽപ്പന 30ൽ നിന്ന് ഏഴുലക്ഷമായി ഇടിഞ്ഞു. പ്രതിമാസ വിൽപ്പന മൂന്നിലൊന്നായും കുറഞ്ഞു. സബ്‌സിഡി സാധനങ്ങളുടെ കുറവും ആവശ്യക്കാർക്ക് കെട്ടിടം എളുപ്പം കണ്ടെത്താൻ കഴിയാത്തതുമാണ് വരുമാന നഷ്ടത്തിന് ഇടയാക്കിയത്.
1.ജില്ലാകോടതിക്ക് എതിർവശത്തെ സ്വന്തം കെട്ടിടത്തിടത്തിന്റെ നവീകരത്തിനായി സപ്ളൈകോ സൂപ്പർ മാർക്കറ്റ് തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വാടകക്കെട്ടിടത്തിലേക്കാണ് രണ്ടു വർഷം മുമ്പ് മാറ്റിയത്. 30,000 രൂപയാണ് മാസവാടക
2.നിലവിലുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ ചോർച്ചയെ തുടർന്നാണ് വാടക കെട്ടിടത്തിലേക്ക് മാറിയത്. പിന്നാലെ കെട്ടിടം മുഴുവനായി പൊളിച്ചു പണിയാൻ തീരുമാനിച്ചു.എന്നാൽ, സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി
3. പഴയകെട്ടിടം കാടുകയറി തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി. വാടകകെട്ടിടത്തിൽ പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും രണ്ടാം നിലയിലേക്ക് എത്താൻ ലിഫ്റ്റ് ഇല്ലാത്തത് തിരിച്ചടിയാണ്
4.ആവശ്യക്കാർക്ക് എളുപ്പം കാണാൻ കഴിയുംവിധം റോഡരികിലായിരുന്നു പഴയ സൂപ്പർ മാർക്കറ്റ് കെട്ടിടം. മുഹമ്മ,മണ്ണഞ്ചേരി, തണ്ണീർമുക്കം മേഖലയിലേക്കുള്ള പ്രധാനബസ് സ്റ്റോപ്പ്, ജില്ലാകോടതി,താലൂക്ക് ഓഫീസ്, ബോട്ടുജെട്ടി എന്നിവ വില്പന വർദ്ധിക്കാൻ സഹായകരമായിരുന്നു
നഗരത്തിന്റെ ഹൃദയഭാഗത്തെ പുതിയ കെട്ടിടം വേഗത്തിൽ പൂർത്തിയാക്കണം. വാടകയിനത്തിലും വിൽപ്പനയിനത്തിലും സപ്ളൈകോയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ്. ഇത് ഒഴിവാക്കാനാകും
ബേബി പാറക്കാടൻ, ചെയർമാൻ, ഗാന്ധിയൻ ദർശനവേദി