sambadyakkutukka

സമ്പാദ്യക്കുടുക്ക നൽകി നാലര വയസുകാരൻ

മാന്നാർ: വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ നാലര വയസുകാരൻ കുടുക്കയിലെ സമ്പാദ്യം കൈമാറി. ബുധനൂർ കടമ്പൂർ ഗിരിജ ഭവനത്തിൽ രബീഷ് ചന്ദ്രൻ-ഗ്രീഷ്മ ദമ്പതികളുടെ മകൻ നാലര വയസുകാരൻ ആരവ്കൃഷ്ണയാണ് തന്റെ കുടുക്കയിലെ സമ്പാദ്യം വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് കൈമാറിയത്. 'വയനാടിനൊരു കൈത്താങ്ങ് ' എന്ന പേരിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് മാന്നാർ എമർജൻസി റെസ്ക്യൂ ടീം (മെർട്ട്) സോഷ്യൽ മീഡിയ വഴി നടത്തി വരുന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ട ആരവ് കൃഷ്ണയുടെ മാതാപിതാക്കൾ മകന്റെ സഹായം ഏറ്റുവാങ്ങാൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് മെർട്ട് സെക്രട്ടറി അൻഷാദ്മാന്നാർ, ജോ.സെക്രട്ടറി ഫസൽ റഷീദ് എന്നിവർ ആരവ്കൃഷ്ണയുടെ വീട്ടിലെത്തി സമ്പാദ്യകുടുക്ക ഏറ്റുവാങ്ങി. മൂവായിരത്തിപത്ത് രൂപ ആണ് അങ്കണവാടി വിദ്യാർത്ഥിയായ ആരവ് കൃഷ്ണന്റെ കൊച്ചു കുടുക്കയിൽ ഉണ്ടായിരുന്നത്.

അനുസ്മരണ ചടങ്ങുകളുടെ തുക ദുരിതാശ്വാസനിധിയിലേക്ക്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാന്നാറിലെ ആദ്യകാല നേതാവും, സി.പി.എം ഏരിയാ കമ്മിറ്റിയംഗം , ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.എസ്.കെ.ടി.യു പഞ്ചായത്ത്കമ്മിറ്റി സെക്രട്ടറി, യൂണിയൻ ഏരിയാ കമ്മിറ്റിയംഗം, കർഷകസംഘം നേതാവ്, ഇഷ്ടിക തൊഴിലാളി യൂണിയൻ താലൂക്ക്സെക്രട്ടറി, ജനപ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളതുമായ ടി.വി പ്രഭാകരന്റെ ഒന്നാമത് അനുസ്മരണദിനത്തിൽ മറ്റുള്ള ചടങ്ങുകൾ ഒഴിവാക്കി വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി ആ തുക കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ടി.വി പ്രഭാകരന്റെ കുടുംബം നൽകിയ ചെക്ക് അനുസ്മരണ യോഗത്തിൽ എൽ.സി സെക്രട്ടറി സി.പി സുധാകരനിൽ നിന്നും മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി.പ്രഭാകരന്റെ വീട്ടുവളപ്പില്‍ ചേർന്ന അനുസ്മരണ സമ്മേളനം ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ ഉദ്ഘാടനം ചെയ്തു. എം.ടി.ശ്രീരാമൻ അദ്ധ്യക്ഷനായി. മന്ത്രി സജിചെറിയാൻ, ജില്ലാ കമ്മിറ്റിയംഗം പുഷ്പലതമധു, ജി.രാമകൃഷ്ണൻ, കെ.നാരായണപിള്ള, പി.എൻ ശെൽവരാജൻ, ബി.കെ.പ്രസാദ്, കെ.എം.അശോകൻ, കെ.എം.സഞ്ജുഖാൻ, ആർ.അനീഷ്, സി.പി സുധാകരൻ, അഡ്വ.പി.കെ രാമദാസ്, എം.തങ്കപ്പൻ, വേണുകാട്ടൂർ, പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, മുതിർന്ന അംഗം കെ.എസ് ഗോപി, പഞ്ചായത്തംഗം സജു തോമസ്, കെ.പി നാഗപ്പനാചാരി എന്നിവർ സംസാരിച്ചു.