മാവേലിക്കര : മാവേലിക്കര നഗരസഭയിൽ ചെയർമാനുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം. ഇന്നലെ നടന്ന യോഗത്തിലാണ് ചെയർമാൻ കെ.വി.ശ്രീകുമാറിന് കോൺഗ്രസ് അംഗങ്ങൾ നൽകിയിരുന്ന പിൻതുണ പിൻവലിയ്ക്കാൻ തീരുമാനിച്ചത്. മൂന്ന് വർഷത്തിനുശേഷം രാജിവയ്ക്കാമെന്നും തുടർന്ന് നിലവിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ നൈനാൻ.സി.കുറ്റിശേരിയ്ക്ക് പിന്തുണ നൽകാമെന്നുമുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രനായ കെ.വി.ശ്രീകുമാറിന് കോൺഗ്രസ് പിൻതുണ നൽകിയിരുന്നത്. എന്നാൽ മൂന്ന് വർഷവും ഏഴ് മാസവും പിന്നിട്ട ശേഷവും ചെയർമാൻ രാജിവയ്ക്കാൻ തയ്യാറാകാത്തിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
പാർലമെന്ററി പാർട്ടി യോഗത്തിൽ സന്നിഹിതനല്ലായിരുന്ന ചെയർമാൻ കെ.വി.ശ്രീകുമാറിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒക്ടോബർ 1ന് രാജിവെക്കാമെന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താൻ അതിന് സന്നദ്ധനല്ല എന്ന് പറഞ്ഞ് ചെയർമാൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് കൂടിയ യോഗം ചെയർമാനുള്ള പിൻതുണ പിൻവലിയ്ക്കാൻ തീരുമാനം എടുക്കുകയായിരുന്നു എന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അറിയിച്ചു.
താൻ ചുമതല ഏറ്റ ശേഷം രണ്ടു വർഷം കോവിഡ് കാലമായി പോയെന്നും പിന്നെ തുടക്കം കുറിച്ച പദ്ധതികൾ പൂർത്തീകരിക്കുവാനുള്ള സമയം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും ചെയർമാൻ കെ.വി ശ്രീകുമാർ പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗം കൗൺസിലർമാരുടെ എതിർപ്പ് തനിക്കുണ്ടെന്നും അവരാണ് പ്പോഴത്തെ സംഭവവികാസങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഞായറാഴ്ച ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരും നേതാക്കന്മാരും യോഗം ചേർന്നിരുന്നു. നിലവിൽ നഗരസഭയിൽ യുഡിഎഫ് 9, എൽഡിഎഫ് 9, ബിജെപി 9 സ്വതന്ത്രൻ1 എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനി വർഗ്ഗീസ് രാജിവെച്ച വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി നൈനാൻ.സി.കുറ്റിശേരിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ചിത്രാ അശോകുമാണ് മത്സരിക്കുന്നത്.