മാന്നാർ: കർക്കടക വാവ ദിനമായ നാളെ പിതൃക്കൾക്ക് 'ബലി തർപ്പണം' നടത്തുന്നതിനായി മാന്നാറിൽ കുട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിലും കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കുട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിന്റെ ആറാട്ടു കടവിൽ കർക്കടക വാവുബലിക്ക് സ്നാനഘട്ടമൊരുങ്ങി. നാളെ വെളുപ്പിനെ 4.30 മുതലാണ് ബലിതർപ്പണം. വാവുബലിയോടൊപ്പം തിലഹവനവും പിതൃപൂജയും നടക്കും. ക്ഷേത്ര മൈതാനത്ത് വിശാലമായ പന്തലിൽ ബലികർമ്മത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹവിസ് ഉൾപ്പെടെ എല്ലാ ദ്രവ്യങ്ങളും സംഘാടകർ നൽകും. ക്ഷേത്രസന്നിധിയിലെ ആനക്കൊട്ടിലിൽ തയ്യാറാക്കിയിരിക്കുന്ന ഹോമകുണ്ഡത്തിൽ തിലഹവനവും ശിവനടയിൽ പിതൃഹോമവും നടത്തുവാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി കാർത്ത്യായനി ക്ഷേത്ര ഭരണസമിതി അറിയിച്ചു.

കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ വാവുബലിയും പിതൃതർപ്പണവും നാളെ പുലർച്ചെ 4 മുതൽ ക്ഷേത്രത്തിന് മുൻവശത്തുള്ള പമ്പാതീർത്ഥത്തിൽ നടക്കും. പുരോഹിതൻ ഹരിഹരൻ കാർമ്മികത്വം വഹിക്കും. പാണ്ടനാട് കീഴ്വന്മഴി വിളക്കുപാട്ടത്തിൻ കടവിൽ നാളെ വെളുപ്പിന് നാലിന് നടക്കുന്ന പിതൃബലി തർപ്പണത്തിന് സജീവ് പഞ്ച കൈലാസി നേതൃത്വം നൽകും.