ആലപ്പുഴ: പിതൃമോക്ഷപ്രാപ്തിയ്ക്കായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തൃക്കുന്നപ്പുഴ ധർമശാസ്താ ക്ഷേത്രത്തിലും കടപ്പുറത്തും ആയിരക്കണക്കിനാളുകളാണ് ഇന്നലെ രാത്രിതന്നെ ബലി തർപ്പണത്തിനായി എത്തിച്ചേർന്നത്. പുലർച്ചെ 4 മുതലാണ് ചടങ്ങുകൾ ആരംഭിച്ചു. 40 ബലിത്തറകളാണ് കടപ്പുറത്ത് സജ്ജമാക്കിയത്.

​ ചേർത്തല മരുത്തോർവട്ടം ക്ഷേത്രത്തിൽ രാവിലെ 6 മുതലാണ് കർക്കടക വാവ് ചടങ്ങുകൾ . പിതൃപ്രീതിക്കായി ക്ഷേത്രത്തിൽ നടത്തുന്ന നമസ്കാരവും ഔഷധമായി കണക്കാക്കുന്ന താൾ കറിയും മുക്കുടിയും കുഴമ്പും കർക്കടക മരുന്നു കഞ്ഞിയും നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 35,000 ലിറ്റർ താൾകറിയും 350 പറ അരിയുടെ നമസ്കാരച്ചോറുമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി താൾകറി നൽകും.

തോട്ടപ്പള്ളി സ്പിൽവേ പൊഴി, കരൂർ, കോമന, നീർക്കുന്നം, പുന്നപ്ര തീരദേശങ്ങളിൽ പുരോഹിതൻമാരുടെ സാന്നിധ്യത്തിൽ ബലിതർപ്പണചടങ്ങുകൾ നടക്കും. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രം, കഞ്ഞിപ്പാടം കൂറ്റുവേലി ശങ്കരനാരായണ മൂർത്തി ക്ഷേത്രം, വാ‌ടയ്ക്കൽ പതിയാംകുളങ്ങര ശ്രീദേവി ക്ഷേത്രം എന്നിവിടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ രാവിലെ 6.30ന് ഉഷപൂജകൾക്ക് ശേഷം ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. വി.പി. കുമാരൻ ശാന്തിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കർക്കടകവാവ് ബലി തർപ്പണം ഇന്ന് നടക്കുമെന്ന് ദേവസ്വം കമ്മിഷണർ ഇൻ ചാർജ് അറിയിച്ചു. ആലപ്പുഴ നഗരത്തിൽ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നാളെയാണ് ബലിതർപ്പണ ചടങ്ങുകൾ.