ആലപ്പുഴ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി ജലമേള മാറ്റിവച്ചെങ്കിലും പുതിയ തീയതി സംബന്ധിച്ച് ധാരണയാകാത്തത് ബോട്ട് ക്ലബ്ബുകളെ പ്രതിസന്ധിയിലാക്കുന്നു. ഭൂരിപക്ഷം ക്ലബ്ബുകളും താൽക്കാലികമായി ക്യാമ്പുകൾ പിരിച്ചുവിട്ടു. മറ്റുള്ളവയാകട്ടെ പുതിയ തീയതി അറിഞ്ഞിട്ട് ഭാവിതീരുമാനമെടുക്കാൻ കാത്തിരിക്കുകയാണ്. ഇവർ പരിശീലനം തുടരുന്നുമുണ്ട്.
പ്രധാന വള്ളങ്ങളിലെല്ലാം പുറംനാടുകളിൽ നിന്ന് കായികതാരങ്ങളും പട്ടാളക്കാരും, പൊലീസുകാരുമൊക്കെ തുഴയാനുണ്ട്. വള്ളംകളി സെപ്റ്റംബറിലേക്ക് നീണ്ടാൽ, ഇവരെ ക്ളബിൽ നിലനിർത്തുക പ്രയാസകരമാണ്. പലരും വേതനവർദ്ധനവ് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പരിശീലനവും ട്രയലുകളും അവസാനഘട്ടത്തിലെത്തിച്ച ടീമിൽ നിന്ന് ആളുകൾ പിൻവാങ്ങിയാൽ പുതിയടീമൊരുക്കുന്നതും വലിയ കടമ്പയാണ്. ഒരുമാസത്തേക്ക് താരങ്ങളെ പിടിച്ചു നിർത്തേണ്ടി വന്നാൽ ക്യാമ്പ് നടത്തിക്കൊണ്ടുപോകുന്നതിന് പ്രതിദിനം നാൽപ്പതിനായിരം രൂപയോളം ചെലവ് വരുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പറയുന്നു.
പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ വള്ളംകളി നീട്ടിക്കൊണ്ടുപോകുന്നതിൽ പരാതി പറയുന്നില്ലെങ്കിലും പുതിയ തീയതി സംബന്ധിച്ച് ഏകദേശ ധാരണപോലും പങ്കുവയ്ക്കാത്തതിൽ പ്രതിഷേധമുണ്ടെന്ന് ബോട്ട് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. എൻ.ടി.ബി.ആർ കമ്മിറ്റി ചേർന്ന് തീയതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയാലേ ഓരോ ക്ലബ്ബിനും ഭാവിതീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയുള്ളൂ.
ഭാവിയിൽ ആഗസ്റ്റ് വേണ്ടെന്ന് ആവശ്യം
1.കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഗസ്റ്റ് മാസം മഴയും വെള്ളപ്പൊക്കവും കൊണ്ട് പ്രതിസന്ധി സൃഷ്ടിക്കുന്ന കാലമാണ്. 2.ആഗസ്റ്റിലെ രണ്ടാം ശനി എന്ന സ്ഥിരം സംവിധാനത്തിന് മാറ്റമുണ്ടാകണമെന്ന് മുമ്പും വള്ളംകളി പ്രേമികൾ ആവശ്യപ്പെട്ടിരുന്നു
3.ഇപ്പോൾ വീണ്ടും മത്സരം മാറ്റിവെയ്ക്കുന്ന സാഹചര്യം വന്നതോടെ ഇതേ ആവശ്യം തുടർച്ചയായി ഉയരുകയാണ്
4.നെഹ്റുവിന്റെ നാമമേധയത്തിൽ നടത്തുന്ന മത്സരമായതിനാൽ അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14ലേക്ക് മാറ്റണമെന്നാണ് ആവശ്യം.
വള്ളംകളി മാറ്റിയ വർഷങ്ങൾ
പ്രളയത്തെ തുടർന്ന് 2018, 2019 വർഷങ്ങളിൽ മത്സരം നീട്ടിവെച്ചു
കൊവിഡിനെ തുടർന്ന് 2020, 2021വർഷങ്ങളിൽ മത്സരം ഉപേക്ഷിച്ചു
2022ൽ മഴ മൂലം മത്സരം നടത്തിയത് സെപ്റ്റംബറിൽ
20 : ഒരുമാസം മത്സരം നീട്ടിവെച്ചാൽ ക്ലബ്ബുകൾക്ക് അധിക ചെലവ് 20 ലക്ഷത്തിലധികം വരും
മത്സരം മാറ്റിവയ്ക്കുമ്പോൾ തിയതി കൂടി പ്രഖ്യാപിക്കണം. നിലവിൽ ക്യാമ്പ് പിരിച്ചുവിടുന്നില്ല. പുതിയ തീയതി ഉടൻ അറിയിക്കണം
- സുനീർ, സെക്രട്ടറി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ആഗസ്റ്റിൽ ജലമേള നടത്തുന്ന പതിവ് മാറണം. കളിക്കാർക്ക് മാന്യമായ വേതനവും കളി മാറ്റിവയ്ക്കുന്ന സാഹചര്യങ്ങളിൽ നഷ്ടപരിഹാരവും ഉറപ്പാക്കണം
- കെ.എ.പ്രമോദ്, യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി