ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് സംഭരണം പൂർത്തിയായി മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും വിവിധ പ്രദേശങ്ങളിലെ കൃഷിക്കാർക്ക് നെല്ല് കൊടുത്ത വകയിൽ സംഭരണ വില ലഭിച്ചില്ലെന്ന് പരാതി. അടുത്ത കൃഷിക്കുള്ള വിത തുടങ്ങി കഴിഞ്ഞിട്ടും, കഴിഞ്ഞ കൃഷിയുടെ നെല്ലിന്റെ വില വിതരണം ചെയ്യാത്തത് പ്രതിഷേധാർഹമാണെന്ന് കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ പറഞ്ഞു.
അടിയന്തരമായി കൃഷിക്കാർക്ക് കൊടുക്കാനുള്ള നെല്ലിൻറെ സംഭരണ വില വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക ഫെഡറേഷൻ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചിരുന്നു.നിവേദനത്തിൻറ അടിസ്ഥാനത്തിൽ ബാങ്കുകൾ നെൽ വില വിതരണത്തിൽ വേഗത വർദ്ധിപ്പിക്കാൻ തയ്യാറായി. ഇപ്പോൾ വീണ്ടും മന്ദഗതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.ആഗസ്റ്റ് പതിനഞ്ചിനുള്ളിൽ നെല്ല് വില കൊടുത്തു തീർക്കാത്തപക്ഷം ബാങ്കുകൾക്കും മുമ്പിൽ സമരപരിപാടികൾക്ക് രൂപം നൽകാൻ ഫെഡറേഷൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻറ് ഹക്കീം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിങ്ങ് പ്രസിഡന്റ് ആൻറണി കരിപ്പാശ്ശേരി, ജോമോൻ കുമരകം, ബിനു നെടുബ്രം, ജോ നെടുങ്ങാട്, തോമസ് ജോൺ, ഇ.ഷാബുദ്ദീൻ, സാബു കന്നിട്ട, ജോസ്.ടി.പൂണിച്ചിറ, ഡി.ഡി.സുനിൽകുമാർ, പി.ടി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.