thozhilalikal

മാന്നാർ: ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് മൂന്നു ദിവസത്തെ വേതനം നൽകി കൈത്താങ്ങായി മാറിയിരിക്കുകയാണ് മൂന്ന് ചുമട്ടുത്തൊഴിലാളികൾ. മാന്നാർ കുരട്ടിശ്ശേരി നെടിയത്ത് കിഴക്കേതിൽ സലിം, പാവുക്കര ഇടത്തയിൽ ഷാജൻ, കുട്ടമ്പേരൂർ കയ്യാലത്തറയിൽ അജേഷ് കുമാർ എന്നിവരാണ് തങ്ങളുടെ മൂന്നുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സി.ഐ.ടി.യു യൂണിയനിൽപെട്ട മൂന്നുപേരുടെയും മൂന്നു ദിവസങ്ങളിലെ വേതനം മാന്നാർ സബ് ട്രഷറി വഴിയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മാന്നാർ ടൗണിലെ ഹോൾസെയിൽ പലചരക്ക് കടകളായ മീരാസ്റ്റോർ, മഞ്ചേരിക്കളം എന്നിവിടങ്ങളിലെ ചുമട്ടു തൊഴിലാളികളാണ് മൂന്നുപേരും. വയനാട് ദുരന്തമുഖത്തെ കാഴ്ചകൾ ഏറെ വേദനിപ്പിച്ചതായും അവരുടെ കണ്ണീരൊപ്പാൻ നമുക്ക് കഴിയണമെന്നും മൂവരും പറഞ്ഞു .