അമ്പലപ്പുഴ : തീരസംരക്ഷണത്തിന് പുത്തൻ ചുവടു വെയ്പ്പുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്. 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി കണ്ടൽ ബ്രിഗേഡ് എന്ന പേരിലാണ് തീര സംരക്ഷണമാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലെ തീരശോഷണം, ആഗോള താപനം മൂലമുണ്ടാവുന്ന പ്രകൃതിക്ഷോഭം, കടലാക്രമണം, തീരദേശങ്ങളിൽ ഉപ്പുവെള്ളം വ്യാപിക്കുന്നത് എന്നിവ തടയുന്നതിനും അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കൂട്ടുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്.
തോട്ടപ്പള്ളി കടൽത്തീരത്ത് എച്ച് .സലാം എം. എൽ .എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അദ്ധ്യക്ഷയായി. നവകേരള കർമ്മപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ എസ് .യു. സജീവ്, എൻ .ആർ. ഇ .ജി .എസ് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ് .ശ്രീകുമാർ, അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. ജി. പത്മകുമാർ, നവകേരളം കർമ്മപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ. എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
2500 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും
1. ബ്ലോക്ക് പഞ്ചായത്തും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനഘടകവും ഹരിതകേരള മിഷന്റെയും, കൃഷിവകുപ്പിന്റെയും സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
2. തൊഴിലുറപ്പ് പദ്ധതിയിലൂടെ 2500 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. തൊഴിലാളികൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും നൽകും. തോട്ടപ്പള്ളിയിൽ ആരംഭിക്കുന്ന പദ്ധതി 3 മാസത്തിന് ശേഷം മറ്റുപഞ്ചായത്തുകളിലും വ്യാപിപ്പിക്കും
3. 500 മീറ്റർ നീളത്തിലാണ് തുടക്കത്തിൽ കണ്ടൽച്ചെടികൾ വെച്ചു പിടിപ്പിക്കുക. ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്
19 കി.മീ.
പദ്ധതി നടക്കാക്കുന്ന ദൂരം
തോട്ടപ്പള്ളി മുതൽ പറവൂർ വരെയുള്ള 19 കിലോമീറ്റർ കടൽത്തീരത്തിന് അനുയോജ്യമായ കണ്ടൽ ഇനങ്ങൾ തിരഞ്ഞെടുത്ത് നട്ടു വളർത്തും
- ബ്ളോക്ക് പഞ്ചായത്ത് അധികൃതർ