മാവേലിക്കര: നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായി നൈനാൻ.സി.കുറ്റിശേരിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായ യു.ഡി.എഫിലെ നൈനാൻ.സി.കുറ്റിശേരിലിന് മൂന്ന് വോട്ടും എൽ.ഡി.എഫിലെ ചിത്രാഅശോകിന് ഒരു വോട്ടുമാണ് ലഭിച്ചത്. നിലവിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞ അനിവർഗീസ്, ലളിത രവീന്ദ്രനാഥ്, നൈനാൻ.സി.കുറ്റിശേരിൽ എന്നിവരാണ് യു.ഡി.എഫിൽ നിന്നുള്ള വികസനകാര്യ സമിതി അംഗങ്ങൾ. ചിത്രാഅശോക്, തോമസ് മാത്യു എന്നിവരാണ് എൽ.ഡി.എഫിൽ നിന്നുള്ള അംഗങ്ങൾ. തോമസ് മാത്യു ആരോഗ്യ കാരണങ്ങളാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബി.ജെ.പിയ്ക്ക് സമിതിയിൽ അംഗങ്ങൾ ഇല്ല. 1988ൽ മാവേലിക്കര നഗരസഭയിൽ ആദ്യമായി അംഗമായ നൈനാൻ.സി.കുറ്റിശേരിൽ 1995ൽ വർക്ക്സ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായിരുന്നു. 2000, 2005 കാലങ്ങളിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ നഗരസഭ പാർലമെന്ററി പാർട്ടി ലീഡറും ഡി.സി.സി ജനറൽ സെക്രട്ടറിയുമാണ്.