മാവേലിക്കര: പദ്ധതി നിർവ്വഹണം നടത്തുന്നതിലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും പൂർണ്ണമായി പരാജയപ്പെട്ടതിനാലാണ് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാറിനുള്ള പിന്തുണ പിൻവലിക്കുവാൻ തയ്യാറായതെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 വർഷം തികയുന്ന 2023 ഡിസംബർ 27ന് രാജി വെയ്ക്കാമെന്ന് സമ്മതിച്ചുകൊണ്ട് മുദ്രപത്രത്തിൽ ഉള്ള കരാർ പാലിക്കാതിരിക്കുകയും ചെയ്തു.
നഗരസഭയ്ക്ക് അനുവദിച്ച രണ്ട് വെൽനസ് സെന്ററുകൾക്ക് ഫണ്ടിൽ തുകയും, സ്വന്തമായി കെട്ടിടവും ഉണ്ടായിട്ടും കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തനം ആരംഭിക്കുവാൻ ചെയർമാന്റെ കെടുകാര്യസ്ഥത മൂലം കഴിഞ്ഞിട്ടില്ല. വരുമാനമില്ലാത്ത നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിക്കുന്ന തുക ഉപയോഗിച്ച് റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിലും പുതിയ റോഡുകളുണ്ടാക്കുന്നതിലും വ്യക്തിഗത ആനുകൂല്യങ്ങൾ കൊടുക്കുന്നതിലും പരാജയപ്പെട്ടു.

കരാർ പ്രകാരം മൂന്ന് വർഷം കെ.വി.ശ്രീകുമാറും പിന്നീടുള്ള രണ്ടുവർഷം കോൺഗ്രസ് കൗൺസിലർമാരായ നൈനാൻ.സി.കുറ്റിശേരിയേയും കെ.ഗോപനേയും ചെയർമാന്മാരാക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നതെന്നും കോൺഗ്രസ് നേതൃത്വം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്രസമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, ബ്ലോക്ക് പ്രസിഡന്റ് അനിവർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ, നഗരസഭ വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി, സ്റ്റൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ സജീവ് പ്രായിക്കര, ശാന്തി അജയൻ,കൗൺസിലർമാരായ മനസ് രാജൻ, ലത മുരുകൻ എന്നിവർ പങ്കെടുത്തു.