ആലപ്പുഴ: വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാമാർഗമായ ബെയ്ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ സൈനിക സംഘത്തിൽ ആലപ്പുഴ സ്വദേശിയായ മിലിട്ടറി എൻജിനിയറിംഗ് റെജിമെന്റിലെ മേജർ അനീഷ് മോഹനും. അനീഷിന്റെയടക്കം നേതൃത്വത്തിലുള്ള സംഘത്തിന്റെ അശ്രാന്ത പരിശ്രമമാണ് കനത്ത വെല്ലുവിളികളെ അതിജീവിച്ച് കണക്കുകൂട്ടിയതിലും ഒരു മണിക്കൂർ മുമ്പേ പാലം പൂർത്തിയാക്കാൻ സാധിച്ചത്. ആലപ്പുഴ കൊറ്റൻകുളങ്ങര കാളാത്ത് വാര്യംചാണിയിൽ എൻ.മോഹനൻ- കുശലകുമാരി ദമ്പതികളുടെ മൂത്തമകനാണ് അനീഷ്.
ബി.ടെക്ക് പൂർത്തിയാക്കി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനിയറായി ജോലിയിൽ പ്രവേശിച്ച അനീഷ്, അതുപേക്ഷിച്ച് മിലിട്ടറി എൻജിനിയറിംഗ് വിഭാഗത്തിൽ ലഫ്റ്റനന്റായി ചേരുകയായിരുന്നു. പന്ത്രണ്ടു വർഷത്തെ മിലിട്ടറി സേവനത്തിനിടെ നിരവധി ദുരന്തമുഖങ്ങളിൽ സേവന സന്നദ്ധനായിട്ടുണ്ട്. വയനാട്ടിലെ ദുരന്തപ്രദേശത്ത് രക്ഷാപ്രവർത്തനത്തിലാണ് ഇപ്പോൾ അനീഷും കൂട്ടരും.
കൊച്ചി കോർപ്പറേഷനിൽ നിന്ന് സൂപ്രണ്ടായി വിരമിച്ച അനീഷിന്റെ പിതാവ് മോഹനൻ എസ്.എൻ.ഡി.പി യോഗം 298-ാം നമ്പർ കാളാത്ത് ശാഖ മാനേജിംഗ് കമ്മിറ്റി അംഗവും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ടൗൺ തെക്ക് മേഖല എക്സിക്യുട്ടീവ് അംഗവുമാണ്. ആർമി സ്കൂൾ അദ്ധ്യാപികയായിരുന്ന തൃശൂർ സ്വദേശി നിഖിയാണ് ഭാര്യ. മക്കൾ: അഹാൻ അനീഷ്, റയാൻ അനീഷ്.
ആദ്യനിയമനം ജമ്മുവിൽ
ആലപ്പുഴയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ അനീഷ് കുസാറ്റിൽ നിന്നാണ് ബി.ടെക്ക് പൂർത്തിയാക്കിയത്. മിലിട്ടറിയിൽ ജമ്മുവിലായിരുന്നു ആദ്യ നിയമനം. മുംബയ്, നാഗാലാൻഡ്, അസാം എന്നിവിടങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്. ഇപ്പോൾ ബംഗളൂരുവിലാണ്.