ആലപ്പുഴ/ ഹരിപ്പാട്: കർക്കടക വാവ് ദി​നമായ ഇന്നലെ ജില്ലയിലെ സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും പിതൃബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാൻ വലിയ തിരക്കനുഭവപ്പെട്ടു. പുലർച്ചെ നാലു മുതൽ ചടങ്ങുകൾക്ക് തുടക്കമായി​.

തൃക്കുന്നപ്പുഴ തീരം, തോട്ടപ്പള്ളി പൊഴിമുഖം, കണിച്ചുകുളങ്ങര ദേവി ക്ഷേത്രം, പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രം, പുറക്കാട്, അമ്പലപ്പുഴ തീരങ്ങൾ, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, പല്ലന ശ്രീപോർക്കലി ദേവി മഹാദേവ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം, മരത്തോർവട്ടം ധന്വന്തരി ക്ഷേത്രം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, പുന്നപ്ര കടൽത്തീരം, ആറാട്ടുപുഴ വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രം,കുമാരപുരം കവറാട്ട് ശ്രീ മഹാദേവ ക്ഷേത്രം, വീയപുരം ശ്രീധർമ്മശാസ്താക്ഷേത്രം, മുട്ടം ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയ ഇടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു.

അഖില ഭാരത അയ്യപ്പസേവാസംഘം 301-ാം നമ്പർ ശാഖയുടെ നേതൃത്വത്തിലുള്ള തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തോടു ചേർന്നുള്ള തീരത്ത് ആയിരങ്ങളാണ് ബലിതർപ്പണത്തിന് എത്തിയത്. തീരത്ത് തയ്യാറാക്കിയ പന്തലുകളിൽ 50 പരോഹിതൻമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പിതൃതർപ്പണത്തിന് എത്തിയതും തൃക്കുന്നപ്പുഴയിലായിരുന്നു.

വിവിധ ഡിപ്പോകളിൽ നിന്ന് തൃക്കുന്നപ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തിയിരുന്നു. തീരത്ത് ബലിതർപ്പണം നടത്തിയ ശേഷം ഭക്തർ ക്ഷേത്രത്തിൽ എത്തി കുളിച്ച് പിതൃപൂജ നടത്തി പ്രസാദം ബലിക്കല്ലിൽ വെച്ച ശേഷം മൂന്ന് തവണ കൈകൊട്ടി പിതൃക്കൾക്ക് സമർപ്പിച്ചാണ് മടങ്ങിയത്. തൃക്കുന്നപ്പുഴയിലെ പാലം പൊളിച്ചത് കാരണം ഇത്തവണ വാഹനങ്ങളിൽ എത്തിയവർ പാലത്തിന് കിഴക്ക് ഭാഗം വാഹനങ്ങൾ സൂക്ഷിച്ച ശേഷം താത്കാലികപാലത്തിൽ കൂടി കാൽനടയാത്രയായിട്ടാണ് കടപ്പുറത്ത് എത്തിയത്. പാലത്തിലെ തിക്കും തിരക്കും ഒഴുവാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

അഖില ഭാരത അയ്യപ്പ സേവാസംഘം 742-ാം നമ്പർ ശാഖയുടെ കീഴിലുള്ള പല്ലന ശ്രീ പോർക്കലീദേവി-ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിലാണ് പല്ലന തീരത്ത് ചടങ്ങുകൾ നടന്നത്. തീരങ്ങളിൽ പൊലീസ്, ഫയർഫോഴ്സ്, ലൈഫ്ഗാർഡ്, ആരോഗ്യ വകുപ്പ്, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിരുന്നു.