ambala

അമ്പലപ്പുഴ : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ തകഴി ലെവൽ ക്രോസിൽ ഗേറ്റ് തകരാറിലാകുന്നതും വാഹനം ഇടിച്ച് ഗേറ്റ് തുറക്കാനാവാതെ വരുന്നതും പതിവായതോടെ ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഗേറ്റ് തകരാറിലല്ലാത്തപ്പോഴും ട്രെയിൻ കടന്നുപോകുന്നതിനായി അടിക്കടി ഗേറ്റ് അടച്ചിടേണ്ടി വരുന്നത് വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.

അത്യാസന്ന നിലയിലുള്ള രോഗികളേയും കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കടക്കം പോകുന്ന ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ദീർഘനേരം, ട്രെയിൻ കടന്നു പോകുന്നതിനായി നിർത്തിയിടേണ്ടി വരുന്നത് രോഗികളുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാകും. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയ്ക്ക് സമാന്തരമായി റോഡുകൾ ഇല്ലാത്തതും തിരിച്ചടിയാണ്. തിരുവല്ല ,എടത്വ, ആലപ്പുഴ, ചെങ്ങന്നൂർ, പത്തനംതിട്ട തുടങ്ങിയ ഡിപ്പോകളിൽ നിന്ന് ഫാസ്റ്റ് പാസഞ്ചർ അടക്കം 150 ഓളം ട്രിപ്പുകളാണ് പുലർച്ചെ 5 മുതൽ രാത്രി 9.30 വരെ ഇതുവഴി സർവ്വീസ് നടത്തുന്നത്. ഗേറ്റ് തകരാറിലാകുന്നതോടെ ആലപ്പുഴയിൽ നിന്നുള്ള സർവീസുകൾ ലെവൽ ക്രോസ് വരെയും തിരുവല്ല ഭാഗത്തു നിന്നുള്ള സർവീസുകൾ തകഴി ക്ഷേത്രം വരെയും അവസാനിപ്പിക്കേണ്ടിവരും.

100

ഒരു ദിവസം നൂറോളം ആംബുലൻസുകളാണ് ഇതുവഴി കടന്നു പോകുന്നത്.

രോഗികളുടെ ജീവനും ഭീഷണി

 അറ്റകുറ്റപ്പണികൾക്കായി ദിവസങ്ങളോളം അടച്ചിടേണ്ടി വരുമ്പോൾ വാഹനങ്ങൾ വളരെ കഷ്ടപ്പെട്ടാണ് മറ്റ് ഇടുങ്ങിയ ഇടറോഡുകളിലൂടെ കടന്നു പോകുന്നത്

 അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത വീതി കൂട്ടി നവീകരിച്ചതോടെ ഈ റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി മാറി

 റെയിൽപ്പാത ഇരട്ടിപ്പിച്ചതോടെ ദിവസം 20ഓളം തവണയാണ് ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടക്കേണ്ടി വരുന്നത്. ഗുഡ്സ് വാഗണും എൻജിൻ മാത്രമായും കടന്നുപോകുമ്പോഴും ഗേറ്റ് അടയ്ക്കണം

 ഗേറ്റ് അടഞ്ഞുകിടന്നതിനാൽ ഗതാഗതക്കുരുക്കിൽപ്പെട്ട് രോഗി മരണപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

അമ്പലപ്പുഴ-തിരുവല്ല റോഡിലെ തകഴി ലെവൽ ക്രോസ് തകരാറിലാകുന്നത് പതിവാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. എത്രയും പെട്ടെന്ന് തകഴി യിൽ മേൽപ്പാലം നിർമ്മിക്കണം

- ചമ്പക്കുളം രാധാകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകൻ

ഇന്നലെയും വാഹനം ഇടിച്ച്

ഗേറ്റ് തകരാറിലായി

ഇന്നലെ പുലർച്ചെ 5 ഓടെ തിരുവല്ല ഭാഗത്തേക്ക് പോയ വാഹനം ഇടിച്ച് തകഴി ലെവൽ ക്രോസിന്റെ പടിഞ്ഞാറു ഭാഗത്തെ ക്രോസ് ബാർ തകർന്നതിനാൽ സംസ്ഥാന പാതയിലെ ഗതാഗതം വൈകുന്നേരം നിലച്ചു. ഏറെ ദൂരം ചെന്ന് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പടഹാരം- തകഴി റോഡിലൂടെയാണ് പല വാഹനങ്ങളും കടന്നുപോയത്. കെ.എസ്.ആർ.ടി.സി ആലപ്പുഴ നിന്നും തകഴി റെയിൽവെ ക്രോസ് വരെയും തിരവല്ല ഭാഗത്തു നിന്നും ക്ഷേത്രം ജംഗ്ഷൻ വരെയും സർവീസ് നടത്തി. വൈകിട്ട് അമ്മരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു കണ്ടെയ്നർ ലോറിയാണ് ഇടി​ച്ചതെന്ന് കണ്ടെത്തി​യി​ട്ടുണ്ട്. വാഹനം ഉടൻ കസ്റ്റഡി​യി​ലെടുക്കും.