അമ്പലപ്പുഴ: ഉരുൾപ്പൊട്ടൽ തകർത്ത വയനാടിനെ ചേർത്തുപിടിക്കാൻ സൈക്കിൾ എന്ന മോഹം ഉപേക്ഷിച്ച് കുരുന്നുകൾ. സൈക്കിൾ വാങ്ങാനായി കുടുക്കകളിൽ സൂക്ഷിച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവർ കൈമാറി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് നിർക്കുന്നം മഠത്തിൽ വീട്ടിൽ ജോഷി, ഗീതു ദമ്പതികളുടെ മക്കളായ മിലൻ (10), മോഹൻ (5) എന്നിവരാണ് രണ്ട് വർഷമായി സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയിലെ പണം വയനാട്ടിലെ ദുരിതബാധിതർക്കായി കൈമാറിയത്. എച്ച്.സലാം എം.എൽ.എ സമ്പാദ്യക്കുടുക്കകൾ ഏറ്റുവാങ്ങി. മിലൻ പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിൽ നാലാം ക്ളാസിലും മോഹൻ പുന്നപ്ര കാർമൽ സ്കൂളിൽ എൽ.കെ.ജിയിലുമാണ് പഠിക്കുന്നത്.