ആലപ്പുഴ : ജലയാനങ്ങളുടെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കുമായി ആലപ്പുഴയിൽ 20കോടി രൂപ മുടക്കി ബോട്ട് യാർഡ് സ്ഥാപിക്കാനുള്ള പദ്ധതി തുറമുഖവകുപ്പ് സർക്കാർ അംഗീകാരത്തിനായി നൽകി. ഹൗസ് ബോട്ടുകളുടെ നഗരമായ ആലപ്പുഴയിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കും മതിയായ സംവിധാനങ്ങളോടെയുള്ള യാർഡ് ഇല്ലാത്ത സാഹചര്യത്തിലാണ് അത്യാധുനിക ഉപകരണങ്ങളോടെയുള്ള ബോട്ട് യാർഡിന് തുറമുഖ വകുപ്പ് പദ്ധതി തയ്യാറാക്കിയത്.
മാരിടൈം ബോർഡിന്റെ നിബന്ധനകൾക്ക് വിധേയമായി ബോട്ടുകളുടെ സുരക്ഷ പരിശോധിക്കാൻ സൗകര്യമില്ലാത്തത് തുറമുഖ വകുപ്പിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഹൗസ് ബോട്ടുകളുൾപ്പെടെ ചെറുതുംവലുതുമായ രണ്ടായിരത്തിലധികം ബോട്ടുകളുള്ള ആലപ്പുഴയിൽ പുതിയ യാർഡ് വരുന്നതോടെ ബോട്ടുടമകളും വിനോദസഞ്ചാരികളും നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കും പരിഹാരമാകും.
മൂന്നേക്കർ ബോട്ട് യാർഡിൽ
മാലിന്യ സംസ്കരണ പ്ളാന്റും
1.ആലപ്പുഴയിൽ മൂന്നേക്കറോളം സ്ഥലം ഏറ്റെടുത്താണ് ബോട്ട് യാർഡ് നിർമ്മാണം
2.ബോട്ടുകൾ നിർത്തിയിടാനും കരയിൽ കയറ്റി പരിശോധിക്കാനും സൗകര്യം
3.ചെറുതും വലതുമായ അറ്റകുറ്റപ്പണികൾക്കുള്ള വർക്ക് ഷോപ്പ്
4.ബോട്ട് സർവെ നടത്തുന്നതിനുള്ള ജെട്ടിയും ഇതോടൊപ്പമുണ്ടാകും
5.ബോട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഉൾപ്പെടെ മാലിന്യം സംസ്കരിക്കാൻ സംവിധാനം
6.ഹൗസ് ബോട്ടുകളിൽ നിന്നുൾപ്പെടെയുളള മാലിന്യപ്രശ്നത്തിന് പരിഹാരമാകും
മറ്റ് സൗകര്യങ്ങൾ
യാത്രക്കാർക്ക് വിശ്രമ കേന്ദ്രം
കഫറ്റേരിയ
ടോയ്ലറ്റ് സംവിധാനം
കുടിവെള്ളസൗകര്യം
സി.സി ടിവി നിരീക്ഷണം
ജീവനക്കാർക്ക് വിശ്രമമുറി
യന്ത്രഭാഗങ്ങൾ സൂക്ഷിക്കാൻ സ്റ്റോറുകൾ
ഡീസൽ ബങ്ക്
ബോട്ട് യാർഡിനായി തുറമുഖ വകുപ്പ് സമർപ്പിച്ച പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചാൽ ഹൗസ് ബോട്ടുകളുൾപ്പെടെ ആലപ്പുഴയിലെ ആയിരക്കണക്കിന് ബോട്ടുടമകൾക്ക് സഹായകരമാകും. മാലിന്യ സംസ്കരണ പ്ളാന്റ് വരുന്നതോടെ കായൽ മലിനീകരണത്തിനും പരിഹാരമാകും
- റോബർട്ട്, ഹൗസ് ബോട്ടുടമ
20 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. സർക്കാർ അംഗീകാരം ലഭിച്ചാൽ പദ്ധതി നടപ്പിലാക്കാനാവശ്യമായ തുടർ നടപടികൾ കൈക്കൊള്ളും
- പോർട്ട് ഓഫീസ്, ആലപ്പുഴ