ph

കായംകുളം: കായംകുളത്ത് കെ.പി റോഡിൽ ലക്ഷ്മി തിയേറ്റർ ജംഗ്ഷനിലെ വെള്ളം നിറഞ്ഞ കുഴി യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. കെ.പി.റോഡിൽ നിന്ന് കെ.പി.എ.സി. റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ കുഴിയിൽ ഇറങ്ങിവേണം കടന്നു പോകേണ്ടത്. കുഴിയിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. മഴ പെയ്യുന്നതോടെ കുഴിയിൽ നിറയെ വെള്ളമാകും.

നടന്നുപോകുന്നവരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും ചെളിവെള്ളത്തിലൂടെ വേണം കടന്നുപോകാൻ. കെ.പി.റോഡിലൂടെ പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് റോഡരികിലെ കുഴി ശ്രദ്ധയിൽപ്പെടുക. ഇതോടെ പെട്ടെന്ന് വാഹനങ്ങൾ വെട്ടിക്കുന്നതും അപകടത്തിന് കാരണമാകുന്നു.

കെ.പി റോഡിലേക്ക് ലക്ഷ്മി തിയേറ്റർ ജംഗ്ഷൻ - കെ.പി.എ.സി. ജംഗ്ഷൻ റോഡ് വന്ന് ചേരുന്ന തിരക്കേറിയ ഭാഗത്താണ് വലിയ കുഴിയുള്ളത്.

പണിയായത് പൈപ്പിലെ അറ്റകുറ്റപ്പണി

1. നേരത്തെ ഇവിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ചെറിയകുഴി രൂപപ്പെട്ടിരുന്നു

2. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണിക്കായാണ് ഇവിടെ വലിയ കുഴിയെടുത്തത്

3. അറ്റകുറ്റപ്പണിക്ക് ശേഷം കുഴി മൂടി കോൺക്രീറ്റ് ചെയ്തിരുന്നതുമാണ്

4. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞതോടെ കോൺക്രീറ്റ് ഇളകിമാറി വീണ്ടും കുഴിയായി

5. മഴ പെയ്തതോടെ കുഴിയിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾക്ക് ഭീഷണിയായി

ചെറിയ വാഹനങ്ങൾ കുഴിയിൽ നിന്നും പോകുന്നത് പതിവ് കാഴ്ചയാണ്. റോഡിലെ കുഴി അടയ്ക്കാൻ നടപടി ഉണ്ടാകണം

- വ്യാപാരികൾ