ചേർത്തല:കരപ്പുറത്തെ പ്രധാന ക്ഷേത്രങ്ങളിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് പിതൃതർപ്പണം നടത്തി ആയിരങ്ങൾ. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്ന വാവുബലി ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ 6ന് ഉഷപൂജയ്ക്ക് ശേഷം കുമാരൻശാന്തിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. നമസ്കാര വഴിപാട് നടത്താനും താളുകറി വാങ്ങുന്നതിനുമായി പുലർച്ചെ തന്നെ ഭക്തരുടെ നീണ്ട നിരയായിരുന്നു.തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക കൗണ്ടറുകൾ തുറന്നിരുന്നു.കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസും നടത്തി.250 പറയുടെ നമസ്ക്കാര ചോറും, 30000 ലിറ്റർ താളുകറിയുമാണ് തയ്യാറാക്കിയത്.
കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഒരുക്കിയിരുന്നു.മേൽശാന്തി ചന്ദ്രദാസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തങ്കികവല ശക്തിവിനാകയ ക്ഷേത്രത്തിൽ തർപ്പണത്തിനായി അനവധി ഭക്തർ എത്തി.നിബിൻ ശാന്തി നേതൃത്വം നൽകി.
വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ആയിരങ്ങളാണ് നമസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്.കളവം ശക്തിശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഭക്ത സഹസ്രങ്ങൾ പങ്കാളികളായി. ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. കായിപ്പുറം പൂജവെളി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. ശാവേശേരി മഹാവിഷ്ണു ക്ഷേത്രത്തിലും തിരുനെല്ലൂർ ഗോവിന്ദപുരം ക്ഷേത്രത്തിലും രാവിലെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.