ph

കായംകുളം : പ്രതിവർഷം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ താങ്ങാനാകുന്നതിലധികമായ കായംകുളം പൊലീസ് സ്റ്റേഷനെ വിഭജിച്ച് കൃഷ്ണപുരം കേന്ദ്രമാക്കി പുതിയ സ്റ്റേഷൻ വേണമെന്നുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു. കായംകുളം സ്‌റ്റേഷനിൽ വർഷം 4000 ത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്യുന്ന വളരെ കുറച്ച് സ്‌റ്റേഷനുകളേയുള്ളൂ.

കായംകുളം നഗരസഭ, കൃഷ്ണപുരം, ദേവികുളങ്ങര പഞ്ചായത്തുകൾ പൂർണ്ണമായും പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെ ചില ഭാഗങ്ങളുമുൾപ്പെടുന്നതാണ് കായംകുളം പൊലീസ് സ്‌റ്റേഷൻ പരിധി. കേസുകൾ കൂടുതലുള്ള കായംകുളം സ്‌റ്റേഷൻ വിഭജിച്ച് കൃഷ്ണപുരം സ്‌റ്റേഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം ഇപ്പോഴും ഫയലിലുറങ്ങുകയാണ്. ക്വട്ടേഷൻ, കഞ്ചാവ് സംഘങ്ങളുടെ താവളം കൂടിയാണ് കൃഷ്ണപുരം. കൃഷ്ണപുരം കേന്ദ്രമാക്കി പൊലീസ് സ്റ്റേഷൻ വേണമെന്ന് കഴിഞ്ഞയാഴ്ച നടന്ന പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

നിർദ്ദേശം വന്നത് 2015ൽ

 രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് കൃഷ്ണപുരം പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയത്

 2015ൽ കായംകുളം സ്‌റ്റേഷനെ ജനമൈത്രി സ്‌റ്റേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇതേപ്പറ്റി ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകി

 പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. കൃഷ്ണപുരം കേന്ദ്രമാക്കി പുതിയ സ്റ്റേഷൻ വന്നാൽ ജില്ലാഅതിർത്തിയിൽ പട്രോളിംഗ് കാര്യക്ഷമമാക്കാം

4000

പ്രതിവർഷം കായംകുളം പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ

ദേവികുളങ്ങര, കൃഷ്ണപുരം പഞ്ചായത്തുകളും നഗരസഭയുടെ തെക്ക ഭാഗവും ഉൾപ്പെടുത്തി കൃഷ്ണപുരത്ത് പുതിയ സ്റ്റേഷൻ സ്ഥാപിക്കണം

- നാട്ടുകാർ