കുട്ടനാട്: ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാങ്കിൽ നിന്ന് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു. തലവടി പഞ്ചായത്ത് എട്ടാം വാർഡ് പുഷ്പമംഗലം വീട്ടിൽ അംബുജാക്ഷിയമ്മയുടെ (72) മൂന്ന് പവനോളം വരുന്ന മാലയാണ് കവർന്നത്. നീരേറ്റുപുറം ഇന്ത്യൻ ഓവർസീസ് ബാങ്കിൽ പോയശേഷം ഉച്ചയോടെ വീട്ടിലേക്ക്

മടങ്ങിവരുന്നതിനിടെ തലവടി മാണപ്പാറ ശ്രീസുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള ഇടവഴിയിൽ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ഇവരുടെ പേര് വിളിച്ച് പരിചയം നടിച്ച ശേഷം മാല പിടിച്ചു പറിച്ച് കടന്നുകളയുകയായിരുന്നു.

മൽപ്പിടുത്തത്തിനിടെ താഴെ വീണ് തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ് ബോധം നഷ്ടപ്പെട്ട അംബുജാക്ഷിയമ്മയെ പിന്നാലെ വന്ന ഇവരുടെ ഭർതൃസഹോദരനായ മഹാദേവൻപിളള കാണുകയും നാട്ടുകാരുമായി ചേർന്ന് ഉടനെ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

എടത്വാ സർക്കിൾ ഇൻസ്പെക്ടർ അൻവർ, സബ് ഇൻസ്പെക്ടർ രാജേഷ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒ മാരായ അലക്സ് വർക്കി, ജസ്റ്റിൻ, ശരത് ചന്ദ്രൻ, ടോണി, ഹരികൃഷ്ണൻ എന്നിവർ സ്ഥലത്തെ സി.സി ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.