ആലപ്പുഴ : വയനാട്ടിലെ ദുരത്തത്തിന്റെ പശ്ചാത്തലത്തിൽ 70-ാമത് നെഹ്രുട്രോഫി മാറ്റിവെയ്ക്കാനുള്ള സർക്കാർ തീരുമാനത്തെ കേരള ബോട്ട് ക്ലബ്ബ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം സ്വാഗതം ചെയ്തു. മത്സരം ആഗസ്റ്റ് മൂന്നാം വാരത്തിലോ അവസാനമോ നടത്താൻ തീരുമാനമെടുക്കണമെന്ന് എൻ.ടി.ബി.ആർ യോഗത്തിൽ ഉന്നയിക്കാനും തീരുമാനിച്ചു.വള്ളംകളി മാറ്റിവയ്ക്കുന്നതു മൂലം ബോട്ട് ക്ലബുകൾ അനുഭവിക്കുന്ന സാമ്പത്തിക ബാദ്ധ്യതയും താങ്ങാൻ കഴിയുന്നതല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. അടുത്ത വർഷം മുതൽ ആഗസ്റ്റിൽ നെഹ്രുട്രോഫിയിൽ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചു. വള്ളംകളിയിൽ നേരിട്ട് പങ്കെടുത്ത് കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരാത്തവരാണ് വാദങ്ങൾ നിരത്തി കളി വീണ്ടും ആഗസ്റ്റിലാക്കിയതെന്ന് യോഗം ആരോപിച്ചു. ഓരോ ക്ലബ്ബുകളും ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരംനൽകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയിംസ് കുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ. ജോയിന്റ് സെക്രട്ടറി കെ.എ.പ്രമോദ്, അഷ്‌റഫ് കുമ്മനം, തങ്കച്ചൻ പാട്ടത്തിൽ, അഡ്വ. മുരളി അജയഘോഷ്, അമ്പിളി എന്നിവർ സംസാരിച്ചു. വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ച് ജയപ്രസാദ്, സജിമോൻ, അരുൺ, ജോബിൻ, അവിൽ. സജു സെബാസ്റ്റ്യൻ, ജേക്ക് ജോർജ്, ഉഷാകുമാർ, അശ്വന്ത്, വിജിത്, ജോബി എന്നിവർ പങ്കെടുത്തു.