kuvi-2
കുവി ചേർത്തലയിലെ വീട്ടിൽ അജിത് മാധവനും കുടുംബത്തിനുമൊപ്പം ഫോട്ടോ : വിഷ്ണു കുമരകം

ആലപ്പുഴ: നാലു വർഷം മുമ്പ് ഉരുൾ പൊട്ടിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ഉറ്റവരെ തേടി അലഞ്ഞ് നൊമ്പരക്കാഴ്ചയായ കുവി എന്ന നായ ഇപ്പോൾ ആലപ്പുഴയിൽ ഉണ്ട്.

പെട്ടിമുടിയിലെ ലയത്തിലെ രണ്ട് വയസുകാരി ധനുഷ്‌ക കുവിയുടെ കളിക്കൂട്ടുകാരി ആയിരുന്നു. അവളുടെ ജീവനറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് കുവിയാണ്. ധനുഷ്ക്കയുടെ വിറങ്ങലിച്ച വിരലുകളിൽ കുവി മൂക്ക് കൊണ്ട് തൊട്ടു. തന്നെ ഉമ്മ വച്ച ആ മുഖം മണത്തു. പിന്നെ മൃതദേഹത്തിനരികിൽ കിടന്നു. ആ സ്നേഹം ആളുകളുടെ കണ്ണ് നിറച്ചു.

നാളെ പെട്ടിമുടി ദുരന്തത്തിന്റെ നാലാം വാർഷികമാണ്. ഇന്ന് ധനുഷ്ക്കയ്ക്ക് പകരം ചേർത്തല ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ കുവിക്ക് കൂട്ടായി ഇളയുണ്ട്. കുവിയെ പാകപ്പെടുത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവന്റെ വീടാണിത്. 2021 മുതൽ ഇവിടെയാണ് കുവി. അടിമാലി സ്റ്റേഷനിൽ സീനിയർ സി.പി.ഒ ആയ അജിത്തിന്റെ മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ ഓമനയാണ് കുവി. ഇതിനിടെ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത 'നജസ്' എന്ന സിനിമയിൽ കുവി മുഴുനീള കഥപാത്രവുമായി..

ഫ്ലാഷ് ബാക്ക്

ദുരന്ത ഭൂമിയിൽ നിന്ന് പൊലീസ് ഏറ്റെടുത്ത കുവി എട്ട് മാസങ്ങൾക്ക് ശേഷം പെട്ടിമുടിയിലെ കുടുംബത്തിൽ മുത്തശ്ശി പളനിയമ്മയുടെ തണലിലെത്തിയിരുന്നു. അപ്പോഴേക്കും സർവീസിലെ മറ്റ് നായ്ക്കൾക്കൊപ്പം നിന്ന് ഒബീഡിയൻസ്, ഹീൽവാക്ക്, സ്‌മെല്ലിങ്ങ് തുടങ്ങിയ അടിസ്ഥാന പാഠങ്ങൾ പഠിച്ചിരുന്നു. പിന്നീട് കുവിയെ അജിത്തിന് തന്നെ കൈമാറി.

നായ്‌ക്കൾക്കായി സേനയിലെത്തി

പല സർക്കാർ ജോലികളും വേണ്ടെന്ന് വച്ചാണ് അജിത് മാധവൻ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ ചേർന്നത്. പൊലീസ് നായ്ക്കളെ കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ആദ്യ പുസ്തകമായ 'ട്രാക്കിങ്' അടുത്തമാസം പ്രസിദ്ധീകരിക്കും. നായകളുടെ ആശയവിനിമയം, കഡാവർ നായ്‌ക്കൾ, സെർച്ച് ആൻഡ് റെസ്‌ക്യു, സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന വൈദഗ്ദ്ധ്യം തുടങ്ങിയ വിഷയങ്ങളിലാണ് മറ്റ് പുസ്തകങ്ങൾ.