ആലപ്പുഴ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ വാക്‌സിനേഷൻ കാമ്പയിന്റെ അഞ്ചാം ഘട്ടവും ചർമ്മമുഴ രോഗ വാക്‌സിനേഷൻ കാമ്പയിൻ രണ്ടാംഘട്ടവും ജില്ലയിൽ ഇന്നാരംഭിക്കും. അടുത്തമാസം13 വരെയാണ് കാമ്പയിൻ. 30 ദിവസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രതികൂല കാലാവസ്ഥ വാക്സിനേഷൻ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് മൃഗസംരക്ഷണ വകുപ്പ്. മഴ തുടർന്നാൽ വാക്സിനേഷന്റെ സമയപരിധി നീട്ടേണ്ടിവരും. ജില്ലയിൽ അരൂർ, എഴുപുന്ന പഞ്ചായത്തുകളിലെ കന്നുകാലികൾക്കാണ് കുളമ്പുരോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 65ൽ അധികം കന്നുകാലികൾക്കും കിടാരികൾക്കും രോഗം ബാധിച്ചെന്നാണ് റിപ്പോർട്ട്. ആറുമാസത്തിലൊരിക്കൽ കന്നുകാലികൾക്ക് എടുക്കേണ്ട പ്രതിരോധ വാക്‌സിനേഷൻ വൈകിയതാണ് രോഗം പടരാൻ കാരണം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കരുവാറ്റയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് നിർവഹിക്കും.

ഭവന സന്ദർശനം

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തി ഉരുക്കൾക്ക് സൗജന്യമായി വാക്‌സിനേഷൻ നൽകും. നാലു മാസത്തിൽ താഴെ പ്രായമുള്ള കിടാക്കളെയും അവസാന ത്രൈമാസ ഗർഭാവസ്ഥയിലുള്ളവയെയും രോഗം ബാധിച്ചവയെയും ഒഴികെ പശു, എരുമ എന്നിവയ്ക്കാണ് വാക്‌സിൻ നൽകുന്നത്. നാലു മാസത്തിന് മുകളിൽ പ്രായമുള്ളതും ഗർഭാവസ്ഥയിലുള്ളവയ്ക്കുമാണ് ചർമ്മമുഴ പ്രതിരോധ വാക്‌സിനേഷൻ. എരുമകൾക്ക് വാക്‌സിനേഷൻ നൽകേണ്ടതില്ല.

ശ്രദ്ധിക്കാൻ

# പ്രതിരോധ കുത്തിവയ്പുകൾ എടുക്കാതിരിക്കുന്നത് ശിക്ഷാർഹം

# വൈറസ് രോഗമായതിനാൽ ചികിത്സയില്ലാത്തതിനാൽ പ്രതിരോധം നിർബന്ധം

# രോഗം കന്നുകളുടെ പാലുത്പാദനത്തെയും ഉത്പാദന ക്ഷമതയെയും ബാധിക്കും

# ബാക്ടീരിയൽ അണുബാധ ഉണ്ടായാൽ ആന്റിബയോട്ടിക് വേണ്ടിവരും

# കുത്തിവയ്പിലൂടെ മാത്രമേ രോഗ നിർമ്മാർജനം സാധ്യമാകു

ക്ഷീര കർഷകർ നിർബന്ധമായും ഉരുക്കളെ വാക്‌സിനേഷന് വിധേയമാക്കണം-

ജില്ലാ മൃഗസംരക്ഷണ ആഫീസർ, ആലപ്പുഴ