paper

ആലപ്പുഴ: നഗരത്തിലെ തത്തംപള്ളി പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. സൺഡേ സ്‌കൂളിലേക്കു പോയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെയാണ് നായ ആക്രമിച്ചത്. ഇന്നലെ രാവിലെ 7.30ഓടെ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ് റോഡിലൂടെ നടന്നുവരികയായിരുന്നു സ്വകാര്യ റിസോർട്ടിലെ രണ്ട് ജീവനക്കാരെയാണ് നായ ആദ്യം ആക്രമിച്ചത്. അക്രമാസക്തനായ നായ മറ്റ് തെരുവുനായകളേയും കടിച്ചു. ഇതിനിടെ പരിസരവാസിയായ ബിബിൻ ആന്റണി പുത്തൻപുരയ്ക്കൽ വല ഉപയോഗിച്ച് നായയെ കീഴ്പ്പെടുത്തുകയായിരുന്നു. മൃഗസംരക്ഷണവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് നായയെ മയക്കിയത്.പിടികൂടിയ നായയെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. സ്വകാര്യ റിസോർട്ട് ജീവനക്കാരായ ചേർത്തല സ്വദേശി വസുദേവ് (32), കൊല്ലം സ്വദേശി ഷെഫീക്ക് (23), സ്ഥലത്ത് കച്ചവടത്തിനെത്തിയ നോർത്ത് പറവൂർ കുഞ്ഞുലോനപ്പറമ്പിഷ പ്രദീപ് (50), സൺഡേ സ്കൂൾ അദ്ധ്യാപിക തത്തംപള്ളി തലച്ചെല്ലൂർ വീട്ടിൽ ജോളിമ തോമസ് (52), വന്യംപറമ്പിൽ അപ്പു (12), മേത്തശ്ശേരിൽ ബാബു (55), തൈയിൽ ആന്റണി ജോസഫ് (75), മാളിയേക്കൽ ജോസഫ് (86), ഒ.ജെ.സെബാസ്റ്റ്യൻ (52), ജോജി (50) എന്നിവർ ആലപ്പുഴ ജനറൽ ആശുപത്രിയിലും, തത്തംപള്ളി ഉമ്പുക്കാട്ട് അഞ്ജന കുഞ്ഞുമോൻ (14) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. തത്തംപള്ളി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിട്ടും പ്രതിരോധ സംവിധാനങ്ങളൊരുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.

...........

 പേവിഷബാധ ഉണ്ടെയെന്ന് ആശങ്ക

നായക്ക് പേവിഷ ബാധ കണ്ടെത്തുന്നതിനായി സ്രവത്തിന്റെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല മാഞ്ഞാടിയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. തത്തംപള്ളി പ്രദേശത്ത് നായ അക്രമണം പതിവായിട്ടും നായ പിടുത്തക്കാരെ ബന്ധപ്പെട്ടെങ്കിലും ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജനപ്രതിനിധിയും പ്രദാശവാസികളും പറയുന്നത്.

....................

''അടിയന്തര സാഹചര്യത്തിൽ ഉണർന്നു പ്രവർത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ പോരായ്മ രൂക്ഷമാണ്. നായ പിടുത്തക്കാരടക്കമുള്ള സംവിധാനങ്ങൾ നഗരസഭാ പരിധിയിൽ ആവശ്യമാണ്

- കൊച്ചുത്രേസ്യാ ജോസഫ്, തത്തംപള്ളി കൗൺസിലർ